തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനത്തിനിടയില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നതായി പ്രതിപക്ഷ നേതാവിന്റെ പരാതി. ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്വീകരിച്ചു കഴിഞ്ഞതിന് ശേഷമാണ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയ്ക്ക് രാഷ്ട്രപതിയെ സ്വീകരിക്കാന്‍ അവസരം ലഭിച്ചത്.

ഇത് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിയുടെ സെക്രട്ടറിയ്ക്ക് അദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയിരിക്കുന്നത്.

രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്നാണ് സ്വീകരിച്ചത്. അമൃതാനന്ദമയി മഠത്തിന്റെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് അദ്ദേഹം കേരളത്തിലെത്തിയിരിക്കുന്നത്.

മറ്റ് ഔദ്യോഗിക പരിപാടികളില്ല. . ഗവര്‍ണ്ണര്‍ പി സദാശിവം, ദേവസ്വം, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കെസി വേണുഗോപാല്‍ എംപി, ആര്‍ രാമചന്ദ്രന്‍ എംഎല്‍എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാഷ്ട്രപതിയുടെ ആദ്യ കേരളാ സന്ദര്‍ശനമാണിത്. ഇന്നു തന്നെ രാഷ്ട്രപതി തിരിച്ചു പോകും.