അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ തയ്യാറെന്ന് ചൈന

0
47

ബെയ്ജിങ്: ഇന്ത്യന്‍ അതിര്‍ത്തി മേഖലകളില്‍ സമാധാനം നിലനിര്‍ത്താന്‍ തയ്യാറാണെന്ന് ചൈന. പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ അതിര്‍ത്തി സന്ദര്‍ശനം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഇക്കാര്യം വ്യക്തമാക്കിയതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം നാഥുലയിലെ സൈനിക പോസ്റ്റ് സന്ദര്‍ശിച്ച പ്രതിരോധമന്ത്രി ചൈനീസ് സൈനികരുമായി ആശയവിനിമയം നടത്തുകയും അവര്‍ക്ക് നമസ്തേ പറയുകയും ചെയ്തിരുന്നു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ ‘നമസ്തേ നയതന്ത്രം’ ഡോക്ലാം സംഘര്‍ഷത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉപകരിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് സൈനികരോട് ഇന്ത്യന്‍ വിദേശമന്ത്രി ആശയവിനിമയം നടത്തിയത് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ വിദേശമന്ത്രിയുടെ പെരുമാറ്റം ചൈനയിലെ ജനങ്ങള്‍ക്കിടയിലും സമൂഹ മാധ്യമങ്ങളിലും മികച്ച പ്രതികരണമാണ് ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.