അമിത് ഷായുടെ മകന്റെ കമ്പനിയുടെ വിറ്റുവരവില്‍ ഒരു വർഷംകൊണ്ട് 16,000 മടങ്ങു വർധനവ്

0
50


ന്യൂഡൽഹി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകന്റെ കമ്പനിയുടെ വിറ്റുവരവില്‍ ഒരു വർഷംകൊണ്ട് 16,000 മടങ്ങു വർധനവ്.

അമിത് ഷായുടെ മകന്‍ ജെയ് അമിത്‍ഭായ് ഷായുടെ ഉടമസ്‌ഥതയിലുള്ള കമ്പനിയുടെ വിറ്റുവരവാണ് റെക്കോര്ഡ് വര്‍ധനവ് കൈവരിച്ചത്. അമിത് ഷായുടെ മകന്റെ ഉടമസ്‌ഥതയിലുള്ള ടെംപിൾ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടേതായി 2013 മുതൽ കഴിഞ്ഞ വർഷം ഒക്‌ടോബർ വരെ റജിസ്‌ട്രാർ ഓഫ് കമ്പനീസ് രേഖകളാണ് വാര്‍ത്തയ്ക്ക് അടിസ്ഥാനം.

രേഖകളനുസരിച്ച്, കാർഷികോൽപന്നങ്ങളുടെ മൊത്തക്കച്ചവടം നടത്തിയിരുന്ന കമ്പനിക്കു 2013ൽ 6,230 രൂപയുടെയും 2014ൽ 1,724 രൂപയുടെയും നഷ്‌ടമുണ്ടായി. 2015ൽ കമ്പനി വരുമാനം 50,000 രൂപ, ലാഭം 18,728 രൂപ. 2015–16ൽ കമ്പനിയുടെ വിറ്റുവരവ് 80.5 കോടിയായി കുതിച്ചുയർന്നു.

എന്നാൽ, കഴിഞ്ഞ ഒക്‌ടോബറിൽ കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു. സംഭവം വിവാദമായപ്പോള്‍ പ്രതികരണവുമായി കമ്പനി രംഗത്തെത്തി. ഉൽപന്നങ്ങളുടെ വിൽപന വർധിച്ചതിനാൽ വിറ്റുവരവും വർധിച്ചെന്നാണു കമ്പനി വ്യക്‌തമാക്കിയത്.

വർധിച്ച വിറ്റുവരവിൽ വിദേശത്തുനിന്നുള്ള 51 കോടി രൂപയുടെ വരുമാനവും ഉൾപ്പെടും. വിറ്റുവരവിൽ വൻ വർധനയുണ്ടായ കാലയളവിൽ, കെഐഎഫ്‌എസ് ഫിനാൻഷ്യൽ സർവീസ് എന്ന സ്‌ഥാപനത്തിൽനിന്ന് ടെംപിൾ എന്റർപ്രൈസസിന് 15.78 കോടി രൂപ വായ്‌പയായി ലഭിച്ചിട്ടുണ്ടത്രേ.

എന്നാല്‍ വായ്പ നല്‍കിയ കാര്യം കെഐഎഫ്‌എസ് ഫിനാൻഷ്യൽ സർവീസിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നില്ലെന്നും വാര്‍ത്തയുണ്ട്.