ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ദേശവിരുദ്ധ ശക്തികള്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് രാജ്നാഥ് സിങ്

0
56

അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യയുടേതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ചില ദേശവിരുദ്ധ ശക്തികള്‍ക്ക് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ അറക്കോണത്ത് സി.ഐ.എസ്.എഫ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കവെയാണ് സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ എന്‍.ഡി.എ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി മറുപടി നല്‍കിയത്.

സൈബര്‍ ആക്രമണങ്ങള്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും അതിനെ നേരിടാന്‍ സി.ഐ.എസ്.എഫ് അടക്കമുള്ളവ സാങ്കേതിക രംഗത്ത് മുന്നേറണമെന്നും രാജ്നാഥ് സിങ് പറഞ്ഞു. സൈബര്‍ ആക്രമണങ്ങള്‍ നേരിടാന്‍ പ്രത്യേക വിഭാഗംതന്നെ രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കണം.

തന്ത്രപ്രധാന സ്ഥാപനങ്ങളുടെയും സുപ്രധാന കെട്ടിടങ്ങളുടെയും സുരക്ഷ സി.ഐ.എസ്.എഫ് നിരന്തരം വിലയിരുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. മറ്റ് കേന്ദ്ര സേനകളില്‍ പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ജോലിചെയ്യുന്നത് സി.ഐ.എസ്.എഫിലാണ്. വനിതകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ലഭിക്കുന്ന ആദ്യ സേനാവിഭാഗമായി സി.ഐ.എസ്.എഫ് മാറുമെന്നും രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു.