കമ്പനിയ്‌ക്കെതിരായ വാര്‍ത്ത; 100 കോടി രൂപ നഷ്ടപരിഹാരം തേടി ജെയ് ഷാ

0
50

അഹമ്മദാബാദ്; കമ്പനിക്കെതിരായ വാര്‍ത്ത നല്‍കിയ മാധ്യമസ്ഥാപനത്തിനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ് ഷാ 100 കോടി രൂപയ്ക്കു മാനനഷ്ടക്കേസ് നല്‍കി. ജെയ് ഷായുടെ ഉടസ്ഥതയിലുള്ള ടെംപിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വരുമാനം ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധിച്ചതായി വാര്‍ത്ത പുറത്തുവിട്ട ‘ദ് വയര്‍’ എന്ന വാര്‍ത്താ വെബ്സൈറ്റിലെ ഏഴുപേര്‍ക്കെതിരെയാണ് കേസ്. അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി ബുധനാഴ്ച കേസ് പരിഗണിക്കും.

അതേസമയം, ജെയ് ഷായുടെ കമ്പനിയുടെ വരുമാനം 16,000 മടങ്ങ് വര്‍ധിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടില്‍ വിവാദം കൊഴുക്കുകയാണ്. അഴിമതിയുടെ കാവല്‍ക്കാരനാണോ പങ്കാളിയാണോയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കലിന്റെ യഥാര്‍ഥ ഗുണഭോക്താവ് അമിത് ഷാ യുടെ മകനാണെന്നു രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷസ്ഥാനം രാജിവെയ്ക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മാനനഷ്ടക്കേസ് നല്‍കാന്‍ ജെയ് ഷായ്ക്ക് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ നിയമോപദേശം നല്‍കിയതും പുതിയ ആരോപണങ്ങള്‍ക്കു വഴിവെച്ചു. ജെയ് ഷായ്ക്ക് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിയമോപദേശം നല്‍കിയതിനെ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി ചോദ്യം ചെയ്തു. നിയമമന്ത്രാലയത്തിന്റെ അനുമതി നേടിയിരുന്നതായും ആവശ്യമെങ്കില്‍ ജെയ് ഷായ്ക്കുവേണ്ടി കോടതിയില്‍ ഹാജരാകുമെന്നും തുഷാര്‍ മേത്ത പ്രതികരിച്ചു.

വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം വേണമെന്നു കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും ആം ആദ്മി പാര്‍ട്ടിയും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി സിബിഐയോടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും അന്വേഷണത്തിനു നിര്‍ദേശിക്കുമോയെന്നു യച്ചൂരി ചോദിച്ചു. റയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ജെയ് ഷായെ ന്യായീകരിച്ചു വാര്‍ത്താസമ്മേളനം നടത്തിയത് അധികാര ദുര്‍വിനിയോഗമാണെന്നും പ്രതിപക്ഷം ആരോപിച്ചു.