സുള്‍ഫിക്കര്‍ മയൂരിയുടെ ആഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ പദവി തെറിച്ചേക്കും

0
85

എം.മനോജ്‌കുമാര്‍

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന ജനറൽ സെക്രട്ടറി സുൾഫിക്കർ മയൂരിയുടെ ആഗ്രോ ഇന്‍ഡസ്ട്രീസ്  കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവി തെറിച്ചേക്കും. എൻ.സി.പി. മുൻ അധ്യക്ഷൻ ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് സുള്‍ഫിക്കര്‍ മയൂരിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ച പശ്ചാത്തലത്തിലാണ് പദവി തെറിക്കുക.

ഉഴാവൂരിന്റെ മരണത്തിനു പിന്നില്‍ സുള്‍ഫിക്കര്‍ മയൂരിയുടെ ഫോണ്‍ സംഭാഷണത്തിനു വലിയ പങ്കുണ്ടെന്ന് മുന്‍പ് തന്നെ പാര്‍ട്ടിയില്‍ നിന്നും ആരോപണമുണ്ട്. ഇത് കാണിച്ച് പാര്‍ട്ടിയിലെ ഉഴവൂര്‍ വിഭാഗക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ പരാതി നല്‍കുകയും ചെയ്തിരുന്നു.

ഉഴവൂരിനെ വിളിച്ച് സുള്‍ഫിക്കര്‍ മയൂരി മുഴക്കിയ ഭീഷണി നിറഞ്ഞ ഫോണ്‍ സംഭാഷണം പാര്‍ട്ടിയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്. ക്രിമിനല്‍ കേസിന് ക്രൈംബ്രാഞ്ച് തീരുമാനം വന്നതോടെ ഉഴവൂര്‍ വിഭാഗക്കാര്‍ സുള്‍ഫിക്കര്‍ മയൂരിക്കെതിരെ ശക്തമായി രംഗത്ത് വന്നേക്കും.

ഉഴവൂരിന്റെ മരണത്തെ തുടര്‍ന്ന് പ്രഭ മങ്ങി തുടരുന്ന പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ ഏക മന്ത്രി തോമസ്‌ ചാണ്ടിക്ക് നേരെ ഉയര്‍ന്ന ഭൂമി-കായല്‍ കയ്യേറ്റ ആരോപണങ്ങള്‍ കടുത്ത തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. അപ്പോഴാണ്‌ പാര്‍ട്ടിക്ക് ലഭിച്ച ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാനും വിവാദത്തിലകപ്പെടുന്നത്.

പൊതുമേഖലാ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് നേരെ ക്രിമിനല്‍ കേസ് വരുമ്പോള്‍ ആ വ്യക്തി ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്നത് ഇടതു മുന്നണിയും, സിപിഎമ്മും അനുകൂലിച്ചേക്കില്ല.

ബന്ധുത്വ നിയമന വിവാദത്തില്‍ വിജിലന്‍സ് കേസ് വന്നപ്പോള്‍ സിപിഎമ്മിന്റെ ഉന്നത നേതാവായ ഇ.പി.ജയരാജനെ വരെ പാര്‍ട്ടി കൈവിട്ടിരുന്നു. അതോടെ ഇപിയുടെ രാജി അനിവാര്യമായ ഘടകമായി തീരുകയും ചെയ്തു. ഇപ്പോള്‍ വിജിലന്‍സ് കേസ് പിന്‍വലിച്ചിട്ടു കൂടി ഇപിക്ക് മന്ത്രിസഭയില്‍ പുനപ്രവേശനത്തിനു കഴിയാത്ത അവസ്ഥയിലാണ്.

മംഗളം ചാനല്‍ ഹണിട്രാപ്പില്‍ കുരുക്കിയ എന്‍സിപി മന്ത്രി എ.കെ.ശശീന്ദ്രന്‍ വിവാദം വന്നയുടന്‍ രാജി വെച്ചിരുന്നു. ഇടത് മുന്നണിയുടെ പൊളിറ്റിക്കല്‍ നിലപാട് ഇങ്ങിനെയായിരിക്കെ സുള്‍ഫിക്കര്‍ മയൂരി ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്നു സിപിഎമ്മും ആവശ്യപ്പെട്ടേക്കും.

നിലവില്‍ സുള്‍ഫിക്കര്‍ മയൂരി എന്‍സിപിയില്‍ തോമസ്‌ ചാണ്ടിക്കൊപ്പം നിലകൊള്ളുന്ന നേതാവാണ്‌. ഉഴവൂരിന്റെ മരണശേഷം പാര്‍ട്ടിയുടെ നിയന്ത്രണം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പീതാംബരന്‍ മാസ്റ്ററും പാര്‍ട്ടി മന്ത്രി തോമസ്‌ ചാണ്ടിയും ഉള്‍പ്പെട്ട ടീമിനാണ്. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നതും പീതാംബരന്‍ മാസ്റ്ററാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ മയൂരിയെ രക്ഷിക്കാന്‍ ഇവര്‍ ശ്രമിച്ചേക്കും.

പക്ഷെ പാര്‍ട്ടി സംസ്ഥാനനേതൃസമിതി കൂടുമ്പോള്‍ മയൂരി പ്രശ്നം ഒച്ചപ്പാടുണ്ടാക്കും. കാരണം ഉഴവൂര്‍ പാര്‍ട്ടിയില്‍ സുസമ്മതനായ നേതാവായിരുന്നു. ആ ഉഴവൂരിന്റെ മരണത്തില്‍ കലാശിച്ച ഭീഷണി നിറഞ്ഞ ഫോണ്‍ സംഭാഷണത്തിന്റെ പേരിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരിക്കെതിരെ ക്രിമിനല്‍ കേസ് വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ മയൂരിക്കെതിരെയുള്ള കേസ്  പാര്‍ട്ടിയില്‍ വീണ്ടും വിവാദങ്ങള്‍ക്ക്  തുടക്കമിടും.

നാല് മാസത്തിനുള്ളില്‍ എന്‍സിപി പാര്‍ട്ടി തിരഞ്ഞെടുപ്പിന് ഒരുങ്ങുകയുമാണ്‌. പുതിയ പാര്‍ട്ടി പ്രസിഡന്റ്, നേതൃനിര എന്നിവ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം ഈ തിരഞ്ഞെടുപ്പ് വഴി കയ്യാളാമെന്നുള്ള തോമസ്‌ ചാണ്ടി ഗ്രൂപ്പിന്റെ നീക്കങ്ങള്‍ക്കാണ് മയൂരിക്കെതിരെ വന്ന ക്രൈംബ്രാഞ്ച് കേസ് തിരിച്ചടിയാകുന്നത്.

ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്ത്‌ നല്‍കിയ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഡി.ജി.പി എ.ഹേമചന്ദ്രൻ പരിശോധിച്ചുവരികയാണ്. ക്രൈംബ്രാഞ്ച് കേസ് ഉഴവൂരിനെതിരെയുള്ള ഗൂഢാലോചനയുടെ
കൂടുതല്‍ വിശദാംശങ്ങള്‍ വെളിയില്‍ കൊണ്ടുവരും എന്നാണു ഇപ്പോള്‍ പാര്‍ട്ടിയില്‍ ന്യൂനപക്ഷമായി മാറിയ എന്‍സിപിയിലെ ഉഴവൂര്‍ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.

ഇടത് മുന്നണിയിലെ താരപ്പകിട്ടുള്ള നേതാവായിരുന്ന ഉഴവൂരിന്റെ പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ച കാരണങ്ങളില്‍ സിപിഎമ്മിനും കടുത്ത അസംതൃപ്തിയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉഴവൂരിന്റെ സംസ്കക്കാര ചടങ്ങുകളില്‍ ആദ്യാവസാനക്കാരനായി നിലകൊണ്ടിരുന്നു.

ഉഴവൂരിന്റെ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയുടെ ഏക മന്ത്രി തോമസ്‌ ചാണ്ടി വിമുഖത കാട്ടിയെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ ആരോപണമുയര്‍ത്തിയിരുന്നു. തോമസ്‌ ചാണ്ടിയുയുമായി ഉറ്റബന്ധമുള്ള നേതാവാണ്‌  സുള്‍ഫിക്കര്‍ മയൂരി. മയൂരിക്കെതിരായ ക്രൈംബ്രാഞ്ച് കേസിന്റെ പശ്ചാത്തലത്തില്‍ ഒരു ഉരുള്‍പൊട്ടല്‍ എന്‍സിപിയില്‍ നടക്കുമോ എന്നാണു രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റു നോക്കുന്നത്.