ഗോധ്ര കൂട്ടക്കൊല കേസിലെ ശിക്ഷകള്‍ക്ക് എതിരായ അപ്പീലുകളില്‍ ഗുജറാത്ത് ഹൈക്കോടതി വിധി ഇന്ന്

0
57


ഗുജറാത്ത്: ഗോധ്ര കൂട്ടക്കൊല കേസില്‍ വിധിച്ച ശിക്ഷകള്‍ക്ക് എതിരായ അപ്പീലുകളില്‍ ഗുജറാത്ത് ഹൈകോടതി ഇന്ന് വിധി പറയും. അയോധ്യയിലെ കര്‍സേവകര്‍ യാത്ര ചെയ്തിരുന്ന സബര്‍മതി എക്‌സ്പ്രസ്സിന്റെ എസ് 6 ബോഗി അഗ്‌നിക്ക് ഇരയാക്കി 59 പേരെ കൊലപ്പെടുത്തിയ കേസിലെ 11 പേര്‍ക്ക് വധശിക്ഷയും, 20 പേര്‍ക്ക് ജീവപര്യന്തവും കോടതി വിധിച്ചിരുന്നു.

ശിക്ഷയ്ക്ക് എതിരെ പ്രതികളും, 63 പേരേ വെറുതെ വിട്ടതിന് എതിരെ സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജികളില്‍ ആണ് ഗുജറാത്ത് ഹൈകോടതി ഇന്ന് വിധി പ്രസ്താവിക്കുന്നത്.

2002ല്‍ ഗുജറാത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച സംഭവമായിരുന്നു ഗോധ്ര ട്രെയിന്‍ തീവയ്പ്പ്. ഒമ്പതുവര്‍ഷം കഴിഞ്ഞാണ് കേസിലെ കുറ്റക്കാരെ കണ്ടെത്തിയത്. 63 പേരെ കോടതി വെറുതെ വിട്ടു.

മുഖ്യ ആസൂത്രകനെന്ന് ആരോപിക്കപ്പെട്ട മൌലാനാ ഉമര്‍ജിയും വെറുതെ വിട്ടവരില്‍ ഉള്‍പ്പെടുന്നു. 2002 ഫെബ്രുവരി 27ന് ഗോധ്ര സ്റ്റേഷനില്‍ സബര്‍മതി എക്‌സ്പ്രസിന്റെ എസ് 6 കോച്ച് അഗ്നിക്കിരയായതിനെ തുടര്‍ന്ന് 59 പേര്‍ കൊല്ലപ്പെട്ടു എന്നാണു കേസ്. അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകരടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.