തുര്‍ക്കിക്കെതിരെ മലിക്ക് വിജയം; ഗ്രൂപ്പില്‍ ഒന്നാമന്‍

0
47


മുംബൈ: തുര്‍ക്കിക്കെതിരെ മലിക്ക് നിര്‍ണായക വിജയം. ഗ്രൂപ്പ് ബിയിലെ രണ്ടാമത്തെ മത്സരത്തില്‍ തുര്‍ക്കിയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ച അവര്‍ രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. മൂന്ന് പോയിന്റുള്ള പാരഗ്വായാണ് രണ്ടാം സ്ഥാനത്ത്.

പകുതി സമയത്ത് ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലായിരുന്നു മലി. ജെമൗസുടെ ഗോളിലൂടെ 38-ാം മിനിറ്റില്‍ തന്നെ മുന്നിലെത്തിയിരുന്നു മലി. 68-ാം മിനിറ്റില്‍ എന്‍ ഡ്യായെ ലീഡുയര്‍ത്തി. 86-ാം മിനിറ്റില്‍ കൊണാറ്റെ വിജയമുറപ്പിച്ച ഗോള്‍ നേടി.

ഹാജി ദ്രാമെ നല്‍കിയ പാസാണ് ഇരു ഇടങ്കാലന്‍ ഷോട്ടിലൂടെ നെറ്റിലെത്തിച്ചാണ് ജെമൗസ മലിയെ മുന്നിലെത്തിച്ചത്. 68-ാം മിനിറ്റില്‍ പോസ്റ്റിന് തൊട്ടടുത്തു നിന്നു ലഭിച്ച പന്ത് പിഴവൊന്നും കൂടാതെ വലയിലെത്തിച്ചാണ് എന്‍ഡ്യായെ ലീഡുയര്‍ത്തിയത്.

84ാം മിനിറ്റില്‍ ഒരു ഗോളവസരം പാഴായതിന് തൊട്ടു പിറകെയാണ് മലി മൂന്നാം ഗോള്‍ നേടിയത്. ചെയിക്ക് ഔമര്‍ നല്‍കിയ പന്താണ് ബോക്സില്‍ നിന്നുള്ള ഒരു വെടിയുണ്ടയോടെ കൊണാറ്റെ നെറ്റിലെത്തിച്ചത്.

ഏതാണ്ട് ഒപ്പത്തിനൊപ്പം നീങ്ങിയ മത്സരത്തില്‍ നേരിയ പന്തിന്റെ പൊസഷനില്‍ നേരിയ മുന്‍തൂക്കം തുര്‍ക്കിക്കായിരുന്നു. തുര്‍ക്കിയുടെ മുന്നേറ്റത്തെ കടുത്ത ടാക്ലിങ്ങിലൂടെയാണ് മലി പ്രതിരോധം നേരിട്ടത്. ആദ്യ പകുതിയില്‍ തന്നെ മലി ഒന്‍പത് ഫൗള്‍ വരുത്തിയപ്പോള്‍ തുര്‍ക്കി ഏഴ് ഫൗളാണ് വരുത്തിയത്.