നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ഗുജറാത്ത് മുന്‍മുഖ്യമന്ത്രി

0
50

ഗാന്ധിനഗര്‍: നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ഗുജറാത്ത് മുന്‍മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍. ഇക്കാര്യം വ്യക്തമാക്കി ബിജെപി നേതൃത്വത്തിന് അവര്‍ കത്തു നല്‍കി. പ്രായാധിക്യം മൂലമാണ് തീരുമാനമെന്ന് 75 കാരിയായ ആനന്ദി ബെന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കെഴുതിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

75 വയസ്സിനു മുകളിലുള്ളവര്‍ പദവികള്‍ വഹിക്കരുതെന്ന പാര്‍ട്ടി നയം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പദം മുമ്പ് താന്‍ രാജിവച്ചതെന്നും അതേ നയത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരിക്കാന്‍ തയ്യാറാകാത്തതെന്നും ആനന്ദിബെന്‍ കത്തില്‍ പറയുന്നു. 1998 മുതല്‍ താന്‍ പ്രതിനിധീകരിക്കുന്ന ഘട്ട്ലോദിയ മണ്ഡലത്തില്‍ ഇക്കുറി മത്സരിക്കാന്‍ ഒരു പ്രാദേശിക ബിജെപി പ്രവര്‍ത്തകനെ കണ്ടെത്താനും അവര്‍ കത്തില്‍ ആവശ്യപ്പെട്ടു.

2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനെ തുടര്‍ന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലേക്ക് ആനന്ദിബെന്‍ പട്ടേല്‍ എത്തുന്നത്. കഴിഞ്ഞവര്‍ഷം ആനന്ദിബെന്‍ രാജിവയ്ക്കുകയും വിജയ് റുപാനി ഗുജറാത്ത് മുഖ്യമന്ത്രിയാവുകയും ചെയ്തു. പ്രായാധിക്യം എന്ന കാരണം ചൂണ്ടിക്കാണിച്ചായിരുന്നു അന്ന് ആനന്ദിയെ മാറ്റിയത്. ആനന്ദിയുടെ തീരുമാനം പാടിദാര്‍ വോട്ടുകള്‍ നേടാനുള്ള ബി ജെ പിയുടെ ശ്രമത്തിന് തിരിച്ചടിയായേക്കും.