ആരാധകര്‍ ഏറെ നാളായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പദ്മാവതിയുടെ ട്രെയിലര്‍ എത്തി. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍, ദീപിക പദുക്കോണ്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.
റാണി പദ്മിനിയുടെ ജീവിതം ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന സിനിമ ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
രാംലീല, ബാജിറാവു മസ്താനി ചിത്രങ്ങള്‍ക്കു ശേഷം രണ്‍വീര്‍സിംഗ് സഞ്ജയ് ലീല ബന്‍സാലി ദീപിക ത്രയങ്ങള്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദീപികയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ ഷാഹിദാണ് എത്തുക.
ബാജിറാവു മസ്താനിക്ക് തിരക്കഥ എഴുതിയ പ്രകാശ് കപാഡിയ തന്നെയാണ് പദ്മാവതിക്കും തിരക്കഥ ഒരുക്കുന്നത്. ചിത്രം ഡിസംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും.
ചിത്രത്തിന് രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്ന് കഴിഞ്ഞ ദിവസം കരണ്‍ ജേഹര് പ്രതികരിച്ചിരുന്നു.
ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിച്ചു എന്നാരോപിച്ച് രജപുത്ര സംഘടനകള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.മേവാറിലെ രാജ്ഞി റാണി പദ്മിനി എന്ന പദ്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ചിത്രമാണ് പദ്മാവതി.
എന്നാല്‍ ചിത്രത്തിന്റെ റിലീസിന് യാതൊരു പ്രതിബന്ധവും ഉണ്ടാകില്ലെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനി ഉറപ്പ് നല്‍കിയിട്ടുണ്ട്.