പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ക്കും മരുമകനും ജാമ്യം ലഭിച്ചു

0
50

ഇസ്ലാമാബാദ്: പാനമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ക്കും മരുമകനും രാജ്യത്തെ അഴിമതി വിരുദ്ധ കോടതി ജാമ്യം അനുവദിച്ചു. ലണ്ടനില്‍നിന്ന് പാകിസ്താനിലെത്തി ഇരുവരും കോടതിയില്‍ ഹാജരായതിനെ തുടര്‍ന്നാണിത്.

നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ്, അവരുടെ ഭര്‍ത്താവും മുന്‍ ആര്‍മി ക്യാപ്റ്റനുമായ മുഹമ്മദ് സഫ്ദര്‍ എന്നിവരാണ് കോടതിയില്‍ ഹാജരാകുന്നതിനുവേണ്ടി കഴിഞ്ഞ ദിവസം പാകിസ്താനിലെത്തിയത്. ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നതിനാല്‍ സഫ്ദര്‍ അറസ്റ്റിലായി. പിന്നീടാണ് കോടതി ജാമ്യം അനുവദിച്ചത്.

നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും നവാസ് ലണ്ടനില്‍ ചികിത്സയില്‍ കഴിയുകയാണ്. അവര്‍ക്കൊപ്പം ലണ്ടനിലുള്ള ഷെരീഫിന്റെ രണ്ട് ആണ്‍മക്കള്‍ കോടതിയില്‍ ഹാജരായില്ല. കേസിന്റെ വിചാരണ നടന്ന രണ്ട് ദിവസം നവാസ് ഷെരീഫ് കോടതിയില്‍ ഹാജരായിരുന്നു. മറിയത്തിനും സഫ്ദറിനും ജാമ്യം അനുവദിച്ച കോടതി കേസിന്റെ വിചാരണ ഒക്ടോബര്‍ 13 ലേക്ക് മാറ്റിവച്ചിട്ടുണ്ട്.