‘ഭക്ഷണം പാഴാക്കരുത്’; ലോകത്തിന് മാതൃകയായി ദുബായ് മുന്‍സിപ്പാലിറ്റി

0
347

രാജ്യാന്തര ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് ദുബായ് മുന്‍സിപ്പാലിറ്റി ഭക്ഷണം പാഴാക്കരുതെന്ന സന്ദേശവുമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഉപഭോക്താക്കളെയും ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും പങ്കെടുപ്പിച്ചാണ് വിവിധ പരിപാടികള്‍ നടപ്പാക്കുന്നത്. ‘സീറോ ഫുഡ് വെയ്സ്റ്റ്’ എന്ന ഹാഷ്ടാഗില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തും. ഈ മാസം 16ന് ആണ് ലോക ഭക്ഷ്യദിനം.

ഭക്ഷ്യസംരക്ഷണം സംബന്ധിച്ച് നൂതനാശയങ്ങള്‍ പങ്കുവയ്ക്കാനുളള വേദിയും ഇവര്‍ ഒരുക്കുന്നുണ്ട്. ഉല്‍പാദനം മുതല്‍ ഉപഭോഗം വരെയുള്ള കാലയളവില്‍ ഭക്ഷ്യസംരക്ഷണം ഉറപ്പാക്കാനുള്ള ആശയങ്ങളാണു മുനിസിപ്പാലിറ്റി തേടുന്നത്. സ്‌കൂളുകള്‍ക്കും ബോധവല്‍ക്കരണ പരിപാടികളും മറ്റും നടത്തി സഹകരിക്കാനാവുമെന്നും അധികൃതര്‍ പറഞ്ഞു. ഭക്ഷണം പാഴാക്കാതെ, വിതരണം ചെയ്യാന്‍ സഹായിക്കുന്ന ‘ഫില്‍ അപ് ദ് ഫ്രിഡ്ജ്’ പ്രചാരണവും മുനിസിപ്പാലിറ്റി നടത്തും. ദുബായിയുടെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ഫ്രിഡ്ജുകള്‍ വഴി ഭക്ഷണം ശേഖരിക്കുന്ന പദ്ധതിയാണിത്. ഭക്ഷ്യദിനത്തില്‍ ഈ ഫ്രിഡ്ജുകളില്‍ പായ്ക്ക് ചെയ്ത ഭക്ഷണം വയ്ക്കാം. ഇത് ആവശ്യക്കാര്‍ക്കു വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

ദുബായിലും യുഎഇയിലും ഭക്ഷണം പാഴാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ വ്യക്തികളും സ്ഥാപനങ്ങളും ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പ്രതിജ്ഞാബദ്ധരാകണമെന്നു ദുബായി മുനിസിപ്പാലിറ്റി പരിസ്ഥിതി, ആരോഗ്യ സുരക്ഷാവിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ ഖാലിദ് മുഹമ്മദ് ഷരീഫ് പറഞ്ഞു. ഭക്ഷണത്തിന്റെ അളവു കുറച്ചും ഉപഭോക്താക്കളില്‍ അവബോധം ജനിപ്പിച്ചും ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാം. കൂടാതെ, ശേഖരണം, സംഭരണം, വിതരണം തുടങ്ങിയ ഘട്ടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. എല്ലാ ബിസിനസ് സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചാല്‍ ഭക്ഷ്യസംരക്ഷണം ഉറപ്പാക്കാമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിവര്‍ഷം, തയാറാക്കുന്ന ഭക്ഷണത്തില്‍ മൂന്നിലൊന്നും പാഴായിപ്പോകുന്നെന്നാണ് യുഎന്നിന്റെ കണക്ക്. കൃഷിയിടത്തില്‍നിന്നു തീന്‍മേശയില്‍ എത്തുന്നതുവരെയുള്ള നഷ്ടം അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. അധ്വാനം, ജലം, ഊര്‍ജം തുടങ്ങിയവയും ഇതുവഴി പാഴായിപ്പോകുകയാണ്. ഇതുകൂടാതെ, ഭക്ഷ്യനഷ്ടം, മാലിന്യ ഉല്‍പാദനം, കാര്‍ബണ്‍ പുറംതള്ളല്‍ തുടങ്ങിയവയും ഇക്കൂട്ടത്തിലുണ്ട്.