വംശീയ അധിക്ഷേപം; ഒടുവില്‍ ഡോവ് മാപ്പ് പറഞ്ഞു

0
55

വെളുത്ത ചര്‍മ്മം ശ്രേഷ്ഠമായി കരുതുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ട് തന്നെയാണ് കറുപ്പ് നിറത്തെ വെളുപ്പിക്കാനാകും എന്ന പരസ്യ വാചകങ്ങളോടെ രാജ്യത്ത് ഇത്രയധികം കോസ്മറ്റിക് ഉല്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാകുന്നത്. ഇത്തരം ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ വലിയ തോതില്‍ ഇരുണ്ട നിറമുള്ള ആളുകള്‍ക്കിടയില്‍ അപകര്‍ഷാബോധം ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്.

എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും മാറ്റങ്ങള്‍ നടക്കുന്നുണ്ട്. അത്തരത്തില്‍ ഒരു മാറ്റത്തിന് ഉദാഹരണമാണ് ഇരുണ്ട നിറത്തിനെ അപമാനിക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പരസ്യം പോസ്റ്റ് ചെയ്ത പ്രശസ്തമായ ഡോവ് കമ്പനിയ്ക്ക് പറ്റിയത്.

കറുപ്പ് നിറത്തെ വെളുപ്പിക്കാന്‍ എന്ന ലേബലില്‍ ഡോവിന്റെ പുതിയ ലോഷന്റെ പരസ്യം ട്വിറ്ററിലൂടെ ഡോവ് പങ്ക് വെച്ചു. ജിഫ് ഇമോജി നല്‍കിയ പരസ്യം ഒടുവില്‍ വിനയായി.


ഇരുണ്ട നിറമുള്ള യുവതി ബ്രൗണ്‍ കളര്‍ ടീഷര്‍ട്ട് ഊരി മാറ്റുമ്പോള്‍ തല്‍സ്ഥാനത്ത് വെളുത്ത ടീഷര്‍ട്ട് അണിഞ്ഞ വെളുത്ത യുവതി പ്രത്യക്ഷപ്പെടും. വംശീയ അധിക്ഷേപമായ ഈ പരസ്യത്തിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായെത്തിയത്.

പ്രതിഷേധം കൂടി വന്നപ്പോള്‍ ഗത്യന്തരമില്ലാതെ ഡോവ് പരസ്യം പിന്‍വലിക്കുകയും മറ്റൊരു ട്വീറ്റിലൂടെ മാപ്പ് പറയുകയും ചെയ്തു. ആരെയും ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സംഭവത്തില്‍ മാപ്പ് പറയുന്നതായും ഡോവ് പ്രതികരിച്ചു.