വീണ്ടും റോഹിംഗ്യന്‍ അഭയാര്‍ത്ഥി ബോട്ട് ദുരന്തം; 12 മരണം

0
50


വീണ്ടും റോഹിംഗ്യന്‍ അഭയാര്‍ത്ഥി ബോട്ട് ദുരന്തം. അഭയാര്‍ത്ഥികളുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 12 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഞായറാഴ്ച രാത്രിയോടെ ബംഗ്ലാദേശിനേയും മ്യാന്‍മാറിനേയും തമ്മില്‍ വേര്‍തിരിക്കുന്ന നാഫ് നദീമുഖത്താണ് അപകടമുണ്ടായത്.

അപകടത്തില്‍ പത്ത് കുട്ടികളും ഒരു മുതിര്‍ന്ന സ്ത്രീയും പുരുഷന്മാരുമുള്‍പ്പെടെ 12 പേരാണ് മരിച്ചത്. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. അതേസമയം, ബോട്ടില്‍ അധികം ആളുകളെ കുത്തി നിറച്ചതാണ് അപകടത്തിന് കാരണമെന്ന് ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ് ഉദ്യോഗസ്ഥന്‍ അബ്ദുള്‍ ജലീല്‍ പറഞ്ഞു.

കഴിഞ്ഞ ആഗസ്റ്റ് മുതലാണ് റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ ബംഗ്ലാദേശിലേക്കും ലോകത്തിന്റെ പല ഭാഗത്തേക്കും കൂട്ടപ്പലായനം തുടങ്ങിയത്. ഇവര്‍ക്കു നേരെയുള്ള ആക്രമണം വര്‍ധിച്ചതോടെയായിരുന്നു ഇത്. മ്യാന്‍മാര്‍ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള വംശീയ ശുചീകരണമാണ് റോഹിംഗ്യര്‍ക്ക് നേരെയുള്ള ആക്രമണമെന്ന് നേരത്തെ ഐക്യരാഷ്ട്ര സഭ അഭിപ്പായപ്പെട്ടിരുന്നു.