വൃത്തിഹീനമായി സ്‌റ്റേഡിയം; ഫിഫ സഹായം തേടി

0
61

 

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് നടക്കുന്ന ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ അടുക്കും ചിട്ടയുമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഫിഫക്ക് അതൃപ്തി.വൃത്തിഹീനവുമായികിടക്കുന്ന സ്‌റ്റേഡിയം ഫിഫ കായിക മന്ത്രാലയത്തിന്‍റെ സഹായം തേടി.

സ്‌റ്റേഡിയത്തിലെ അഴുക്കുനിറഞ്ഞതും വൃത്തിഹീനവുമായ സീറ്റുകളെ കുറിച്ചും ശുചിമുറികളെ കുറിച്ചും വ്യാപകമായി പരാതികളാണ് നിലനില്‍ക്കുന്നത്.

നിരവധി തവണ പരിശോധനകള്‍ നടത്തിയിട്ടും ഉദ്ഘാടന മത്സരത്തില്‍ തന്നെ ഏറെ പരാതി ലഭിച്ചിരുന്നു. കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് അടക്കമുള്ളവർ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. എന്നിട്ടും സ്ഥിതിഗതികളിൽ മാറ്റമില്ലാത്തതിനെ തുടർന്നാണ് ഫിഫയുടെ നടപടി.

ഫിഫയുടെ പ്രാദേശിക ഓര്‍ഗനൈസിംഗ് കമ്മറ്റിക്കാണ് സ്‌റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതല. ഇവര്‍ ജോലി ഏല്‍പിച്ച കരാറുകാര്‍ ആവശ്യമുള്ള തൊഴിലാളികളെ സ്‌റ്റേഡിയത്തിലെത്തിച്ചില്ലെന്നും സ്‌റ്റേഡിയത്തിലെ ശുചിത്വമില്ലായ്മ കാണികള്‍ക്ക് അസൗകര്യമായതായും ഫിഫ വിലയിരുത്തി. ഇതേത്തുടര്‍ന്നാണ് ഫിഫ സഹായം ആവശ്യപ്പെട്ടതെന്ന് കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു.

നിലവിലെ സ്ഥിതി മന്ത്രാലയം ഗൗരവത്തോടെയെടുക്കും. ശേഷിക്കുന്ന മത്സരങ്ങളിലെ പ്രശ്‌നങ്ങള്‍ നേരിടാന്‍ ടുര്‍ണമെന്റ് സംഘാടകര്‍ക്ക് സഹായമൊരുക്കുന്നതിന് സ്‌പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (സായി) നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.