വേങ്ങരയില്‍ പ്രചരണത്തിന് കൊട്ടിക്കലാശം; ഇനി പോളിംഗ് ബൂത്തിലേക്ക്

0
48

വേങ്ങര: വേങ്ങരയിലെ വോട്ടരങ്ങിന് ഇനി രണ്ടുനാള്‍ മാത്രം.രാഷ്ട്രീയ വെല്ലുവിളികള്‍ക്കും വാക്‌പോരാട്ടങ്ങള്‍ക്കും ശേഷം പ്രചരണം കൊട്ടിക്കലാശത്തില്‍ അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണം. വൈകുന്നേരം അഞ്ച് മണിയോടെയാണ് ആവേശകരമായ കൊട്ടിക്കലാശം അവസാനിച്ചത്. ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം ബുധനാഴ്ചയാണ് വോട്ടെടുപ്പ്

ഇ അഹമ്മദിന്റെ ഒഴിവില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായി വിജയിച്ച് പോയതോടെയാണ് വേങ്ങരയില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വേങ്ങര നിയോജക മണ്ഡലം രൂപവത്കരിച്ചതിനു ശേഷം നടക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്.

വിജയത്തുടര്‍ച്ച ഉറപ്പിച്ചാണ് യു.ഡി.എഫ് മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങിയതെങ്കിലും അവസാനഘട്ടമെത്തിയപ്പോള്‍ എല്‍.ഡി.എഫും വിജയം അവകാശപ്പെടുന്നു. ബി.ജെ.പിയുടെ ജന രക്ഷായാത്ര അടക്കം മണ്ഡലത്തിലൂടെ കടന്ന് പോയത് തങ്ങളുടെ വോട്ട് ബാങ്ക് വര്‍ധിപ്പിക്കുമെന്ന് ബി.ജെ.പിയും കണക്കുകൂട്ടുന്നു.ഹാദിയ കേസ്, നോട്ട് നിരോധനം, പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് എന്നിവയെല്ലാം ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

ഉപതിരഞ്ഞെടുപ്പിനപ്പുറം സംസ്ഥാന രാഷ്ട്രീയം പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ച ഒരു തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വേങ്ങരയില്‍ നടന്ന് കൊണ്ടിരുന്നത്. സംസ്ഥാന നേതാക്കളും മുഖ്യമന്ത്രി അടക്കമുള്ളവരും വേങ്ങരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം കൂട്ടാനായി എത്തിച്ചേര്‍ന്നു. എല്‍ഡിഎഫിന്റെ താരപ്രചാരകനായ വി.എസും പ്രായത്തിന്റെ അവശതകള്‍ മറന്ന് അവസാനദിനങ്ങളില്‍ മണ്ഡലത്തില്‍ സജീവമായി.