സെക്രട്ടറിയേറ്റില്‍ ഫയലുകളുടെ നീക്കം വേഗത്തിലാക്കാന്‍ മഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

0
42

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് സീറ്റിലുണ്ടെന്ന് ഉറപ്പാക്കാനും ഫയലുകളുടെ നീക്കം വേഗത്തിലാക്കാനും മഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.വകുപ്പുതല അദാലത്ത് വഴി ഫയലുകള്‍ തീര്‍പ്പാക്കാനും സെക്രട്ടറിയറ്റ് കാന്റീന്‍ നവീകരിക്കാനും തിങ്കളാഴ്ച ആരംഭിച്ച വകുപ്പ് തിരിച്ചുള്ള പദ്ധതിയവലോകനത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സെക്രട്ടറിയറ്റ് ജീവനക്കാര്‍ക്ക് ഇലക്‌ട്രോണിക് സര്‍വീസ് ബുക്ക് ഏര്‍പ്പെടുത്തുന്നത് പുരോഗതിയിലാണെന്ന് മുഖ്യമന്ത്രിയുടെ വകുപ്പവലോകനത്തില്‍ വിശദീകരിച്ചു. മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ച്‌ ഓരോ വകുപ്പും സമര്‍പ്പിച്ച മൂന്ന് പദ്ധതികള്‍ വീതമാണ് മന്ത്രിമാരെയും ബന്ധപ്പെട്ട വകുപ്പ്മേധാവികളെയും പ്രത്യേകം വിളിച്ച്‌ മുഖ്യമന്ത്രി വിലയിരുത്തുന്നത്.
38 വകുപ്പുകളുടെ 114 പദ്ധതികള്‍ മുഖ്യമന്ത്രി പരിശോധിക്കും. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഏറ്റെടുക്കാനുദ്ദേശിക്കുന്ന 12 പദ്ധതികള്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം. അബ്രഹാം പ്രത്യേകമായി അവതരിപ്പിച്ചു. വിശദപരിശോധനയ്ക്ക് ശേഷം ഇവയില്‍ ഏറ്റെടുക്കാവുന്നവ തീരുമാനിക്കും.ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാം, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (കോ-ഓര്‍ഡിനേഷന്‍) വി.എസ്. സെന്തില്‍, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ എന്നിവരും പങ്കെടുത്തു.