സൈനികരുടെ മൃതദേഹം കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍; ഖേദം പ്രകടിപ്പിച്ച് സൈന്യം

0
51


ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഏഴ് സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി എത്തിച്ചത് വിവാദമാകുന്നു. രണ്ടു ദിവസം മുന്‍പ് അരുണാചല്‍ പ്രദേശിലെ തവാങ്ങിലുണ്ടായ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികരുടെ മൃതദേഹങ്ങളാണ് കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ കെട്ടി അയച്ചത്.

സൈനികരുടെ മൃതദേഹങ്ങള്‍ എത്തിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ പ്രാദേശികമായി ലഭിക്കാതെ വന്നതോടെയാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കിയതെന്നാണ് വിശദീകരണം. കൂടാതെ സമുദ്ര നിരപ്പില്‍ നിന്ന് 17000 അടി ഉയരത്തില്‍ ആറ് ശവപ്പെട്ടികള്‍ താങ്ങാന്‍ ഹെലികോപ്റ്ററുകള്‍ക്ക് കഴിയാത്തതു കൊണ്ടാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ ഉപയോഗിച്ചതെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ലഫ്. ജനറലായിരുന്ന എച്ച്.എസ്.പനാഗാണ് ഇതിനെതിരെ രംഗത്തെത്തിയത്. ‘മാതൃരാജ്യത്തെ സേവിക്കാന്‍ ഏഴ് ചെറുപ്പക്കാര്‍ വെയിലത്തിറങ്ങി. ഇങ്ങനെയാണ് അവര്‍ തിരിച്ചുവന്നത്’ എന്ന് ട്വീറ്റ് ചെയ്താണ് അദ്ദേഹം തന്റെ അമര്‍ഷം രേഖപ്പെടുത്തിയത്.

അതേസമയം, ആദ്യം പ്രതിരോധിച്ചെങ്കിലും സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ എത്തിച്ചത് ചട്ടലംഘനമാണെന്ന് പിന്നീട് സൈന്യം സമ്മതിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ബോഡി ബാഗുകളും ശവപ്പെട്ടികളും ഇനി ഉറപ്പു വരുത്തുമെന്നും സൈന്യം ട്വീറ്റ് ചെയ്തു. കൂടാതെ സൈനികരുടെ മൃതദേഹങ്ങള്‍ എല്ലാ സൈനിക ബഹുമതികളോടും കൂടിയാണ് അവരുടെ വീടുകളിലേക്ക് എത്തിച്ചതെന്നും സൈന്യം ട്വിറ്ററിലൂടെ അറിയിച്ചു.

വെള്ളിയാഴിചയാണ് യാങ്‌സ്‌റ്റേയിലെ സൈനിക ക്യാമ്പില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി ഹെലികോപ്റ്റര്‍ പുറപ്പെട്ടത്. അപകടത്തില്‍ പൈലറ്റ്, സഹ പൈലറ്റ്, ഫ്‌ളൈറ്റ് എന്‍ജിനിയര്‍, രണ്ട് പട്ടാളക്കാര്‍ എന്നിവരാണ് മരിച്ചത്.