രാജസ്ഥാനില്‍ മേല്‍ ജാതി ഹിന്ദുക്കളുടെ ഭീഷണിയെ തുടര്‍ന്ന് 200ലധികം പേരടങ്ങുന്ന 20 മുസ്ലിം കുടുംബങ്ങള്‍ പാലായനം ചെയ്തു. നവരാത്രി ദിനത്തില്‍ നാടോടി ഗായകന് അഹമ്മദ് ഖാന് കൊല്ലപ്പെട്ടതുമായുണ്ടായ സംഭവമാണ് കൂട്ടപലായനത്തിലേക്ക് നയിച്ചത്.ജയ്സാല്‍മീര്‍ ജില്ലയിലെ ദന്‍ഡല്‍ ഗ്രാമത്തിലാണ് സംഭവം.നാടുവിട്ടവര്‍ ദൂരെ മറ്റൊരു ഗ്രാമത്തില്‍ പോലീസ് സംരക്ഷണയിലാണ്.
നവരാത്രി ദിനത്തില്‍ സംഗീത പരിപാടി നടത്തികൊണ്ടിരിക്കെ മന്ത്രവാദ ചികിത്സ നടത്തുന്ന രമേശ് സത്തര്‍ എന്നയാള്‍ ഖാനോട് പ്രത്യേക രാഗത്തിലുള്ള ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് പാട്ട് മോശമാണെന്നുപറഞ്ഞ് ഇയാള്‍ ഖാനെ മര്‍ദിക്കുകയും സംഗീതോപകരണം നശിപ്പിക്കുകയും ചെയ്തു. ഇതിനുശേഷം രാത്രി സത്തറും രണ്ടുപേരും ചേര്‍ന്ന് ഖാനെ വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോയെന്നും പിന്നീട് മൃതദേഹമാണ് കണ്ടതെന്നും സഹോദരന് പറയുന്നു. സെപ്റ്റംബര്‍ 27ന് രാത്രിയാണ് സംഭവം നടന്നത്.
അടുത്ത ദിവസം ഇയാളുടെ വീട്ടിലെത്തിയ മേല്‍ജാതി ഹിന്ദുക്കളായ ചിലര്‍ പൊലീസില്‍ പരാതി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തി. അതോടെ കുടുംബം പരാതി നല്‍കാതെ മൃതദേഹം മറവ് ചെയ്തു. അടുത്ത ദിവസം കുടുംബങ്ങള്‍ നിര്‍ബന്ധിച്ചതോടെ പോലീസില്‍ പരാതി നല്കി. ഇതോടെ സത്തറും ഉന്നത ജാതിക്കാരും വന്ന് മുഴുവന്‍ മുസ്ലിം കുടുംബങ്ങളോടും നാട് വിടാന്‍ ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
മര്‍ദനത്തെ തുടര്‍ന്നാണ് അമദ് ഖാന് മരിച്ചതെന്നും ഗ്രാമം വിട്ടവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പോലീസ് തുടങ്ങിയെന്നും ജില്ല പൊലീസ് സൂപ്രണ്ട് ഗൗരവ് യാദവ് വ്യക്തമാക്കി.