തിരുവനന്തപുരം: പൊതുമരാമത്ത്/ജലസേചന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലേക്കുള്ള അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ക്കുള്ള ഒരു പരീക്ഷയും അഭിമുഖവും നടത്തിയ ശേഷം രണ്ടു റാങ്ക് ലിസ്റ്റുകള്‍ പ്രഖ്യാപിച്ച് നടത്തുന്ന പി.എസ്.സി നിയമനം ഉദ്യോഗാര്‍ത്ഥികളെ വലയ്ക്കുന്നു. രണ്ടു റാങ്ക് ലിസ്റ്റുകളിലും ഒരേ പേരുകാര്‍ തന്നെയാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

പൊതുമരാമത്ത്/ജലസേചന വകുപ്പില്‍ നിയമിതരായവര്‍ക്ക് തന്നെ വീണ്ടും തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും നിയമന ഉത്തരവ് ലഭിക്കുന്നു. ഇതുമൂലം റാങ്ക് ലിസ്റ്റില്‍ ഇവര്‍ക്ക് പിന്നിലുള്ളവരുടെ നിയമനം നടക്കാതിരിക്കുകയാണ്.

എന്‍ജീനിയര്‍മാര്‍ ഇല്ലാത്തതിനാല്‍ പല പദ്ധതികളും മുന്നോട്ടുനീങ്ങാതെ കിടക്കുന്നെന്ന് തദ്ദേശ വകുപ്പ് സമ്മതിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ എന്‍ജിനീയര്‍മാരുടെ ക്ഷാമം രൂക്ഷമായിരിക്കെയാണ് അര്‍ഹരായവര്‍ കാത്ത് നില്‍ക്കുന്നത്. . മലയോര ഹൈവേയും തീരദേശ ഹൈവേയും ഉള്‍പ്പെടെയുള്ള വന്‍ പദ്ധതികള്‍ക്കും എന്‍ജിനീയര്‍മാരുടെ ക്ഷാമം രൂക്ഷമാകുന്നുണ്ട്. എന്നിട്ടും നിയമനത്തിന്റെ കാര്യത്തിലെ അനാസ്ഥ തുടരുകയാണ്.

ഇതുവരെ പൊതുമരാമത്ത്/ജലസേചന വകുപ്പില്‍ ഈ റാങ്ക് ലിസ്റ്റില്‍ നിന്നും 154 പേര്‍ നിയമിതരായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ആദ്യ നിയമന ഉത്തരവിന്റെ കാലാവധി കഴിഞ്ഞ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലേ റാങ്ക് ലിസ്റ്റില്‍ ബാക്കിയുള്ളവര്‍ക്ക് നിയമനം ലഭിക്കൂ എന്ന അവസ്ഥയാണ്.

അധികൃതരുടെ അനാസ്ഥ മൂലം റാങ്ക് ലിസ്റ്റില്‍ പേരു വന്നിട്ടും നൂറുകണക്കിന് യുവാക്കളുടെയാണ് ജോലിക്കായുള്ള കാത്തിരിപ്പ് നീളുന്നത്. നിലവില്‍ കരാര്‍/ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സംരക്ഷിക്കാനായി നിയമനം മന:പൂര്‍വം വൈകിക്കുന്നൂ എന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു.