ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. നിലവിലെ ആരോപണങ്ങളില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു

ഇത്തരം ആരോപണങ്ങള്‍ പലപ്പോഴും ഉയരാറുണ്ട്. കഴിഞ്ഞകാലങ്ങളിലും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അടിസ്ഥാനരഹിതമായ വാര്‍ത്തയാണ് അതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി തുടങ്ങിയവരും അമിത് ഷായെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

അമിത് ഷായുടെ മകൻ ജെയ് അമിത്‍ഭായ് ഷായുടെ ഉടമസ്‌ഥതയിലുള്ള കമ്പനിയുടെ വിറ്റുവരവ് ഒരു വർഷംകൊണ്ട് 16,000 മടങ്ങു വർധിച്ചുവെന്നാണു പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ദ് വയർ’ വെളിപ്പെടുത്തിയത്.

അമിത് ഷായുടെ മകന്റെ ഉടമസ്‌ഥതയിലുള്ള ടെംപിൾ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടേതായി 2013 മുതൽ കഴിഞ്ഞ വർഷം ഒക്‌ടോബർ വരെ റജിസ്‌ട്രാർ ഓഫ് കമ്പനീസിൽ (ആർഒസി) ലഭ്യമാക്കിയിട്ടുള്ള കണക്കുകളാണു വാർത്തയ്‌ക്ക് അടിസ്‌ഥാനം. രേഖകളനുസരിച്ച്, കാർഷികോൽപന്നങ്ങളുടെ മൊത്തക്കച്ചവടം നടത്തിയിരുന്ന കമ്പനിക്കു 2013ൽ 6,230 രൂപയുടെയും 2014ൽ 1,724 രൂപയുടെയും നഷ്‌ടമുണ്ടായി. 2015ൽ വരുമാനം 50,000 രൂപ; ലാഭം 18,728 രൂപ. 2015–16ൽ കമ്പനിയുടെ വിറ്റുവരവ് 80.5 കോടിയായി കുതിച്ചുയർന്നു. എന്നാൽ, കഴിഞ്ഞ ഒക്‌ടോബറിൽ മുൻ വർഷങ്ങളുടെ നഷ്‌ടം കണക്കിലെടുത്തു കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു. ഇതാണ് ‘വയര്‍’ വാര്‍ത്തയാക്കിയത്.