ഇതരസംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ട: ലോക്‌നാഥ് ബെഹ്‌റ

0
56

തിരുവനന്തപുരം: കേരളത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ആക്രമണത്തിന് ഇരയാകുന്നതായി വ്യാജപ്രചരണത്തിന് വിശദീകരണവുമായി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. തെറ്റായ പ്രചരണങ്ങളില്‍ ആരും കുടുങ്ങരുതെന്നും കേരളം എല്ലാവര്‍ക്കും സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുള്ള ആക്രമണവും ഉണ്ടാകില്ലെന്നും അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉടന്‍ തന്നെ പോലീസുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു. ഹിന്ദിയിലും ബംഗാളിയിലുമാണ് ഡിജിപി സന്ദേശം നല്‍കിയത്. വ്യാജ പ്രചരണത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായും ഡിജിപി അറിയിച്ചു.

ഇതരസംസ്ഥാന തൊഴിലാളികള്‍ ആക്രമണത്തിന് ഇരയാകുന്നതായി സമൂഹ മാധ്യമങ്ങളിലൂടെയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇതോടെ കോഴിക്കോട് നഗരത്തില്‍ നിന്ന് രണ്ടു ദിവസത്തിനിടെ നാന്നൂറിലധികം ഇതര സംസ്ഥാന തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്.

പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ കോഴിക്കോട് മിഠായി തെരുവിലെ ഹോട്ടലുടമ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയെന്ന ശബ്ദ സന്ദേശമാണ് പ്രചരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം. ഉത്തരേന്ത്യയിലും മറ്റും നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ ഫോട്ടോകള്‍ ഉപയോഗിച്ചാണ് സന്ദേശം പരത്തുന്നത്.

ഇതര സംസ്ഥാന തൊഴിലാളികളും ഇത് വ്യാജ വാര്‍ത്തയാണെന്ന് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചുപോകുന്ന സാഹചര്യമാണുള്ളത്. ഇതേത്തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ കോഴിക്കോട് നഗരത്തിലെ രണ്ട് ഹോട്ടലുകള്‍ പൂട്ടേണ്ടിവന്നു.

അതേസമയം, വ്യജ പ്രചരണത്തിനെതിരെ ഹോട്ടലുടമകള്‍ ജില്ലാ കളക്ടര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു.