ഇനിയൊരാള്‍ക്കും കുറ്റം ചെയ്യാന്‍ തോന്നാത്ത വിധം ശിക്ഷ നല്‍കണം: രമ്യാ നമ്പീശന്‍

0
73

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവാളികള്‍ക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ നല്‍കണമെന്ന ആവശ്യവുമായി നടി രമ്യാ നമ്പീശന്‍. ഇനിയൊരാള്‍ക്കും അത്തരത്തിലൊരു കുറ്റം ചെയ്യാനുള്ള തോന്നല്‍ പോലും ഉണ്ടാകാത്ത തരത്തിലുള്ള ശിക്ഷ വേണം നല്‍കാന്‍. നടിയെ ആക്രമിച്ചത് അത്യപൂര്‍വ്വവും ക്രൂരവുമായ കുറ്റമാണ്. സത്യം തെളിയാന്‍ അവള്‍ക്കൊപ്പം ഏതറ്റം വരെ പോകാനും ഞങ്ങള്‍ തയ്യാറാണെന്നും രമ്യ പ്രതികരിച്ചു.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം തുടക്കം മുതല്‍ നില്‍ക്കുന്ന സുഹൃത്താണ് രമ്യ. രമ്യയുടെ വീട്ടിലേക്ക് വരുന്ന വഴിക്കാണ് നടി ആക്രമിക്കപ്പെട്ടത്. മലയാള സിനിമയില്‍ സ്ത്രീ സംഘടനയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ സജീവ അംഗമാണ് രമ്യ. അമ്മ എക്‌സിക്യൂട്ടിവ് അംഗവുമായ താരം വാര്‍ഷിക മീറ്റിങില്‍ നിന്ന് നടിക്ക് പിന്തുണ അറിയിച്ച് ഇറങ്ങി പോയതും വാര്‍ത്തയായിരുന്നു.

കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അവള്‍ക്കൊപ്പം, അവള്‍ക്കൊപ്പം മാത്രം എന്ന ഹാഷ്ടാഗില്‍ പ്രതികരണവുമായി എത്തിയ ആദ്യ താരവും രമ്യയാണ്. ദിലീപ് കുറ്റവാളിയെന്ന് കോടതി വിധിച്ചിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡബ്ല്യു.സി.സി പറഞ്ഞിരുന്നു. രാമലീല ബഹിഷ്‌കരിക്കുമെന്നും നേരത്തെ ഡബ്ല്യു.സി.സി വ്യക്തമാക്കിയിരുന്നു.