ഉത്തര കൊറിയന്‍ ചരക്ക് കപ്പലുകള്‍ അടുപ്പിക്കാന്‍ അനുവദിക്കരുതെന്ന് യുഎന്‍

0
72


ജനീവ; നാല് ഉത്തര കൊറിയന്‍ ചരക്കു കപ്പലുകള്‍ക്ക് ഒരു തുറമുഖങ്ങളിലും പ്രവേശനാനുമതി നല്‍കരുതെന്ന് അംഗരാജ്യങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ കര്‍ശന നിര്‍ദ്ദേസം . ഉത്തര കൊറിയയിലേക്കും അവിടെ നിന്നും നിരോധിക്കപ്പെട്ട വസ്തുക്കളുമായി തിരിച്ചും പുറപ്പെട്ട കപ്പലുകള്‍ക്കാണ് വിലക്ക്. ചരിത്രത്തിലാദ്യമായാണ് ഉത്തര കൊറിയന്‍ കപ്പലുകള്‍ക്കെതിരെ യു.എന്നിന്റെ ഇത്തരത്തിലുള്ള നടപടി.

ഉത്തര കൊറിയയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ നിരീക്ഷിക്കാന്‍ യുഎന്‍ നിയോഗിച്ചിട്ടുള്ള സമിതിയുടെ തലവന്‍ ഹ്യൂഗ് ഗ്രിഫിത്സ് ആണ് യുഎന്‍ നിര്‍ദ്ദേശം അറിയിച്ചത്. ഇതുസംബന്ധിച്ചു നടന്ന അംഗരാജ്യങ്ങളുടെ യോഗത്തില്‍ ഉത്തര കൊറിയന്‍ പ്രതിനിധിയും പങ്കെടുത്തിരുന്നു. യുഎന്നിന്റെ വിലക്ക് മറികടന്ന് അണുപരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണങ്ങളും ഉത്തരകൊറിയ തുടരുന്ന സാഹചര്യത്തിലാണ് കപ്പലുകള്‍ക്ക് വിലക്ക്. ഉപരോധ പ്രകാരം വിലക്കിയ പല ഉല്‍പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ ഉത്തരകൊറിയ ശ്രമിച്ച സാഹചര്യത്തിലാണ് യുഎന്നിന്റെ പുതിയ നടപടി.

പെട്രെല്‍ 8, ഹാവോ ഫാന്‍ 6, ടോങ് സാന്‍ 2, ജീ ഷുന്‍ എന്നീ കപ്പലുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. കൊമോറോസ് ദ്വീപിലാണ് പെട്രെല്‍ 8ന്റെ റജിസ്‌ട്രേഷന്‍. സെന്റ്. കിറ്റ്‌സ് ആന്‍ഡ് നെവിസ് ദ്വീപുകളില്‍ ഹാവോ ഫാന്‍ 6 റജിസ്റ്റര്‍ ചെയ്തപ്പോള്‍ ടോങ് സാന്‍ 2 ഉത്തരകൊറിയയിലാണ് റജിസ്റ്റര്‍ ചെയ്തത്.

നിരോധിക്കപ്പെട്ട ചരക്കുകളുമായി ഒക്ടോബര്‍ അഞ്ചു മുതല്‍ ഇവ യാത്ര തുടങ്ങിയിട്ടുണ്ടെന്നും യുഎന്‍ പറയുന്നു. കപ്പലുകള്‍ക്ക് തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തുന്നതിന് അധികരപ്പെടുത്തുന്ന പ്രമേയം ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് യുഎന്‍ രക്ഷാസമിതി പാസാക്കിയത്. തുടര്‍നടപടികളുടെ ഭാഗമായാണ് ഇപ്പോഴത്തെ വിലക്കെന്നും യുഎന്‍ വ്യക്തമാക്കി.