ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ അനന്തപുരയിലാണ് സംഭവം. തന്റെ കൃത്യനിര്‍വ്വഹണത്തിനിടയില്‍ കാറില്‍ കൊള്ളാവുന്ന ആളുകളുമായി ഓടിച്ചു വരുന്ന ബൈക്ക് മഡകാസിര സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ബി ശുഭ്കുമാറാണ് ആദ്യം ശ്രദ്ധിക്കുന്നത്. ടാങ്കിനു മുന്നില്‍ രണ്ട് കുട്ടികളെയും പുറകില്‍ ഭാര്യയെയും ബന്ധുവിനെയുമിരുത്തി ഹെല്‍മെറ്റ് പോലും ധരിക്കാതെയായിരുന്നു കെ ഹനുമന്തരയടു ബൈക്ക് ഓടിച്ചിരുന്നത്.
സഹനത്തിന്റെ നെല്ലിപ്പലക കടന്ന ഒരു ഘട്ടത്തിലാവണം ആ പോലീസുകാരന് അവര്‍ക്കു മുന്നില്‍ കൈകൂപ്പി നിന്നു പോയത്. ചിരിയുണര്‍ത്തുകയും ഒരേ സമയം ചിന്തിപ്പിക്കുകയും ചെയ്യുന്ന ആ നിമിഷം
എന്ത് കൊണ്ട് ഇവരെ കണ്ടപ്പോള്‍ കൈ കൂപ്പി നിന്നു പോയതെന്ന ചോദ്യത്തിനോട് ശുഭ് കുമാര്‍ മറുപടി പറഞ്ഞതിപ്രകാരമായിരുന്നു. ‘റോഡ് സുരക്ഷയെ കുറിച്ച് ഒന്നര മണിക്കൂര്‍ ബോധവത്കരണം നടത്തി വരുന്ന വഴിയായിരുന്നു ഞാന്‍. ആ ബോധവത്കരണ പരിപാടിയില്‍ ഈ ബൈക്ക് ഓടിക്കുന്ന ഹനുമന്തരയടുവും ഉണ്ടായിരുന്നു. പക്ഷെ ഇതേയാള്‍ നാലു പേരെ ഇരുത്തി അപകടകരമാം വിധം ബൈക്കില്‍ വരുന്ന കാഴ്ച്ച കണ്ട് ഞാന്‍ സ്തബ്ദനായിപ്പോയി. നിരാശ മൂത്ത് നിസ്സാഹായനായി ഞാന്‍ അവര്‍ക്ക് മുന്നില്‍ കൈകൂപ്പി നിന്നു പോവുകയായിരുന്നു’.
തടഞ്ഞു നിര്‍ത്തിയ തന്നോട് അയാള്‍ തീര്‍ത്തും നിരുത്തരവാദപരമായാണ് പെരുമാറിയത്. കുട്ടികളെ ഫ്യുവല്‍ ടാങ്കിനു മുകളില്‍ ഇരുത്തിയതിനാല്‍ ബൈക്കിന്റെ ഹാന്‍ഡില്‍ പോലും നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ലായെന്നും ആരും ഹെല്‍മെറ്റ് പോലും ഉപയോഗിച്ചിരുന്നില്ലായെന്നും ഇന്‍സ്പെക്ടര്‍ കുറ്റപ്പെടുത്തി.
ട്രാഫിക് നിയമങ്ങളെ കുറിച്ച് അജ്ഞരായ ഒരു ജനതയുടെ മുന്നില്‍ നിസ്സഹായരാവുന്ന നിയമപാലകരെ വരച്ചു കാട്ടുന്ന ചിത്രമാണ് നാംകാണുന്നത്.