കൊച്ചി: കാല്‍പ്പന്തുകളിയിലെ ആവേശം ഉടനീളം നിലനിര്‍ത്തിയ മത്സരത്തിനൊടുവില്‍ കാത്തിരുന്ന ബ്രസീലിയന്‍ വിജയഗാഥ. ആക്രമണത്തെ പ്രതിരോധം കൊണ്ട് നേരിട്ട ഉത്തരകൊറിയ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പടയ്ക്ക് കീഴടങ്ങിയത്. ഗോള്‍രഹിത ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ ഗോളുകള്‍. സ്പെയിനിനെതിരായ ആദ്യപോരാട്ടത്തില്‍ ടീമിനു വിജയം സമ്മാനിച്ച ലിങ്കനും പൗളീഞ്ഞോയും ഇത്തവണയും ഗോള്‍നേട്ടം ആവര്‍ത്തിച്ചു. വിജയത്തോടെ രണ്ടു മല്‍സരങ്ങളില്‍നിന്ന് ആറു പോയിന്റുമായി ബ്രസീല്‍ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു. രണ്ടാം തോല്‍വി വഴങ്ങിയ ഉത്തരകൊറിയ പുറത്തേക്കുള്ള വഴി ഏതാണ്ടുറപ്പിച്ചു.
കളിയുടെ ആദ്യ മിനിറ്റു തൊട്ട് 90ാം മിനിറ്റുവരെ ബ്രസീലിന്റെ ആക്രമണങ്ങളെ ഉത്തരകൊറിയന്‍ താരങ്ങള്‍ ഒന്നടങ്കം പ്രതിരോധിക്കുന്ന കാഴ്ചയാണ് കാണാനായത്. ലിങ്കനും പൗളീഞ്ഞോയും അലനും ബ്രണ്ണറും ഉള്‍പ്പെടെ ബ്രസീലിന്റെ കരുത്തന്മാരെ സംഘടിതമായി പ്രതിരോധിച്ചാണ് ഉത്തരകൊറിയ പിടിച്ചുനിന്നത്.
ഗോളടിക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം പരാജയപ്പെട്ടിട്ടും പിന്‍വാങ്ങാതെ ആക്രമണം തുടര്‍ന്ന ബ്രസീല്‍ രണ്ടാം പകുതിയില്‍ ലക്ഷ്യം നേടി. 56ാം മിനിറ്റില്‍ ലിങ്കന് ഹെഡറിലൂടെയും 61ാം മിനിറ്റില്‍ പൗളീഞ്ഞോ തകര്‍പ്പനൊരു ഗ്രൗണ്ടറിലൂടെയും ഉത്തരകൊറിയന്‍ വല ചലിപ്പിച്ചു. അതോടെ മഞ്ഞപ്പട അടുത്ത കളിയാരവങ്ങളിലേക്കും ഉത്തരകൊറിയയ്ക്ക് പുറത്തേയ്ക്കുമുള്ള വഴി തെളിഞ്ഞു.