കിമ്മിനെ വധിക്കാനുള്ള പദ്ധതിയും ദക്ഷിണ കൊറിയന്‍ യുദ്ധതന്ത്രങ്ങളും ചോര്‍ന്നു

0
86

സോള്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ വധിക്കാനുള്ള പദ്ധതി ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഇതോടൊപ്പം ദക്ഷിണ കൊറിയയുടെ അതീവരഹസ്യ സ്വഭാവമുള്ള യുദ്ധതന്ത്രങ്ങളും ചോര്‍ന്നതായി ആരോപണമുയര്‍ന്നു. ഉത്തര കൊറിയയുടെ ഹാക്കര്‍മാരാണ് ഇവ ചോര്‍ത്തിയതെന്ന് ആരോപിച്ച് ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ് അംഗം റീ ഛിയാള്‍ഹീ രംഗത്തെത്തി. പ്രതിരോധ മന്ത്രാലയത്തില്‍നിന്നാണ് ഈ വിവരം ലഭിച്ചതെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. എന്നാല്‍ ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയം ആരോപണത്തോടു പ്രതികരിക്കാന്‍ വിസമ്മതിച്ചു. ദക്ഷിണ കൊറിയ ഭരിക്കുന്ന പാര്‍ട്ടിയുടെ എംപിയും പാര്‍ലമെന്റിന്റെ പ്രതിരോധ കമ്മിറ്റിയംഗവും കൂടിയാണ് റീ.സ്പാര്‍ട്ടന്‍ 300 എന്നാണ് കിം ജോങ് ഉന്‍ ഉള്‍പ്പെടെയുള്ള ഉത്തര കൊറിയന്‍ നേതാക്കളെ വധിക്കാനുള്ള ദക്ഷിണ കൊറിയന്‍ പദ്ധതിയുടെ പേര്. ഉത്തരവിട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ നേതാക്കളെ വധിച്ചു തിരിച്ചെത്തുന്ന പ്രത്യേക സേനാ വിഭാഗത്തിന്റെ പദ്ധതിയും ചോര്‍ന്ന രേഖകളില്‍പ്പെടുന്നു. ഈ രേഖകള്‍ കൈവശം വന്നതിനെത്തുടര്‍ന്നാണ് അടിയന്തരമായി കിം അണ്വായുധ വികസനവും ഹൈഡ്രജന്‍ ബോംബ് പരീക്ഷണങ്ങളും നടത്തിയതെന്നാണ് അനുമാനിക്കപ്പെടുന്നത്.

മാത്രമല്ല, പ്രിയപ്പെട്ട കാറുകളിലുള്ള സഞ്ചാരവും കിമ്മിനു അവസാനിപ്പിക്കേണ്ടിവന്നു. ഇപ്പോള്‍ നിരവധി കാറുകളില്‍ മാറിമാറിയാണ് കിം യാത്ര ചെയ്യുന്നത്. അവധിക്കാലം ചെലവിടാനുള്ള കിമ്മിന്റെ യാത്രകള്‍ക്കും നിയന്ത്രണം വന്നു. അടുത്തകാലത്തായി കിമ്മിന്റെ പെരുമാറ്റത്തിലും സ്വഭാവരീതിയിലും മാറ്റങ്ങള്‍ വന്നതിനു പിന്നില്‍ തന്നെ വധിക്കാനുള്ള ദക്ഷിണ കൊറിയന്‍

പദ്ധതിയെക്കുറിച്ചുള്ള അറിവ് ലഭിച്ചതാണെന്നാണു വിലയിരുത്തല്‍.

ഉത്തര കൊറിയയുമായി യുദ്ധമുണ്ടായാല്‍ ദക്ഷിണ കൊറിയ സ്വീകരിക്കേണ്ട തന്ത്രങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടുണ്ട്. യുഎസും ദക്ഷിണ കൊറിയയും സംയുക്തമായാണു പല തന്ത്രങ്ങളും മെനഞ്ഞിരിക്കുന്നത്. ഓപറേഷനല്‍ പ്ലാന്‍ 5015 എന്നു പേരിട്ടിരിക്കുന്ന രേഖയില്‍ ഏറ്റവും പുതിയ തന്ത്രങ്ങള്‍വരെ ഉള്‍പ്പെട്ടിട്ടുണ്ട്.

കിമ്മിനെ വധിക്കാനുള്ള പദ്ധതി ചോര്‍ന്നതാണ് ഉത്തര കൊറിയയ്ക്ക് ഏറെ നേട്ടമായതെന്നാണു വിലയിരുത്തല്‍. ദക്ഷിണ കൊറിയയുടെ പ്രത്യേക സേനാ വിഭാഗത്തെക്കുറിച്ചുള്ള രേഖകള്‍, പവര്‍ പ്ലാന്റുകളും സൈനിക കേന്ദ്രങ്ങളും എവിടെയൊക്കെ എന്നതുള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍, സഖ്യകക്ഷികളുടെ കമാന്‍ഡര്‍മാര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയും ഇവയില്‍ ഉള്‍പ്പെടുന്നു.
രാജ്യത്തിന്റെ ഡിഫന്‍സ് ഇന്റഗ്രേറ്റഡ് ഡേറ്റാ സെന്ററില്‍നിന്നാണ് 235 ജിബി സൈനിക രേഖകള്‍ ചോര്‍ന്നത്. ഇതില്‍ 80 ശതമാനത്തോളം രേഖകളും ഏതൊക്കെയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഹാക്കര്‍മാര്‍ ഇതു ചോര്‍ത്തിയത്. മേയില്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ വലിയതോതില്‍ രേഖകള്‍ ചോര്‍ത്തിയതായി ദക്ഷിണ കൊറിയ വെളിപ്പെടുത്തിയിരുന്നു.