കുറ്റിപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട; പിടിച്ചത് 79 ലക്ഷം രൂപ

0
59

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട. രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 79 ലക്ഷം രൂപ പൊലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് വേങ്ങര സ്വദേശികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

വാഹനപരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. വേങ്ങര സ്വദേശികളായ അബ്ദുള്‍ റഹ്മാന്‍, സിദ്ധിഖ് എന്നിവരാണ് പിടിയിലായത്. പണം സംബന്ധിച്ച യാതൊരു രേഖകളും ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.

വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കള്ളപ്പണമെത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് കര്‍ശന പരിശോധന നടത്തിയിരുന്നു. . ഇതിനിടെയാണ് ഇവരെ കുറ്റിപ്പുറത്ത് നിന്ന് പിടികൂടിയത്.

പണം ആര്‍ക്ക് വേണ്ടിയാണ് കൊണ്ടുപോയതെന്നോ ആരാണ് പണം നല്‍കിയതെന്നതിനെക്കുറിച്ച് കൃത്യമായ വിവരം നല്‍കാന്‍ പിടിയിലായവര്‍ക്ക് കഴിഞ്ഞില്ല.

ഇവര്‍ ഹവാല ഇടപാടിന്റെ കാരിയര്‍മാര്‍ മാത്രമാണെന്നു പൊലീസ് സംശയിക്കുന്നു. ഹവാലപ്പണവുമായി രണ്ട് പേര്‍ പിടിയിലായതിനെ തുടര്‍ന്ന് വേങ്ങരയിലെ ഇരുമുന്നണികളും അങ്കലാപ്പിലാണ്.

മണ്ഡലത്തില്‍ വ്യാപകമായി കള്ളപ്പണം ഒഴുക്കുകയാണെന്ന് ഇരുപാര്‍ട്ടികളും പരസ്പരം ആരോപിച്ചിരുന്നു. ഇതിനിടെയാണ് കള്ളപ്പണവുമായി രണ്ട് പേര്‍ പിടിയിലായത്.