ചണ്ഡീഗഢ്: സാമൂഹ്യപ്രവര്‍ത്തനത്തിന്റെ മറവില്‍ നിര്‍മിച്ച സിനിമകളിലൂടെ ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങും വളര്‍ത്തുമകള്‍ ഹണിപ്രീതും വെട്ടിച്ചത് കോടികള്‍. മാനഭംഗക്കേസില്‍ 20 വര്‍ഷത്തെ തടവിനു ശിക്ഷിക്കും മുന്‍പ് ഗുര്‍മീതും ഹണിപ്രീതും നികുതി വെട്ടിപ്പിന്റെ എല്ലാ ആസൂത്രണങ്ങളും നടപ്പിലാക്കിക്കഴിഞ്ഞിരുന്നു.
ഹകികാറ്റ് എന്റര്ടയിന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വന്തം കമ്പനിയുടെ പേരിലാണ് ഇരുവരും ദേരാ സച്ച സൗദയ്ക്കുവേണ്ടി സിനിമകള്‍ നിര്‍മിച്ചത്. എംഎസ്ജി (ദ് മെസഞ്ചര്‍ ഓഫ് ഗോഡ്), എംഎസ്ജി 2 എന്നീ സിനിമകള്‍ സംവിധാനം ചെയ്തതിനും നായകനായി അഭിനയിച്ചതിനും ഗുര്‍മീത് ഈടാക്കിയത് 6.43 കോടി രൂപ. 2015-16ല്‍ ചിത്രീകരിച്ച ഈ സിനിമകള്‍ക്കായി പ്രവര്‍ത്തിച്ച ഹണിപ്രീത് ഇന്‍സാനും കൈപ്പറ്റി 60 ലക്ഷം. ലയണ്‍ ഹാര്‍ട്ട് 1, ലയണ്‍ ഹാര്‍ട്ട് 2, ജാട്ടു എന്‍ജിനീയര്‍ എന്നിവയടക്കം അഞ്ച് സിനിമകളാണ് ഈ കമ്പനിയുടെ പേരില്‍ പുറത്തിറക്കിയത്.
ഹകികാറ്റ് കമ്പനിയുടെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും ദേരായുടെ അനുയായികളാണ്. നഷ്ടത്തില്‍ പ്രവര്‍ത്തിച്ചപ്പോഴും ഗുര്‍മീതിന് കമ്പനി വലിയ തുക നല്‍കിയതാണ് സംശയമുണ്ടാക്കിയത്. ഹകികാറ്റിന്റെ ബാലന്‍സ് ഷീറ്റില്‍ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി സെക്രട്ടറി രവി ഭൂഷണ് ദേശീയ മാധ്യമത്തോടു പറഞ്ഞു. ഓഹരി ഉടമകള്‍ക്കു ലാഭവിഹിതവും കിട്ടിയിട്ടില്ല. എന്നാല്‍ ഗുര്‍മീതിന് ആവശ്യത്തിലധികം പണം ഇവിടെനിന്നു കിട്ടിയിരുന്നു. ദേരായുടെ അനുയായികള്‍ ആയതിനാലാണ് ആരും പരാതി കൊടുക്കാത്തത് എന്നും രവി പറഞ്ഞു.
മൂന്നു ഡസനിലധികം കമ്പനികളാണ് ഗുര്‍മീതിന് സ്വന്തമായി ഉണ്ടായിരുന്നത്. പല കമ്പനികള്‍ രൂപീകരിച്ചതും അതിലെ ഡയറക്ടറും ഇയാളായിരുന്നു. റിയല്‍ എസ്റ്റേറ്റ്, ഇമിഗ്രേഷന്‍ സര്‍വീസ്, വിനോദ വ്യവസായം എന്നിങ്ങനെ വിപുലമായ ബിസിനസുകളാണ് കമ്പനികളിലൂടെ നടന്നിരുന്നത്.
ബിസിനസ് ചെയ്യാനല്ല, ആശ്രമത്തിലെ പണം കൈമാറ്റത്തിനുള്ള കേന്ദ്രങ്ങളായാണ് കമ്പനികളെ ഗുര്‍മീത് ഉപയോഗിച്ചിരുന്നത്. ദേരാ സച്ച സൗദയുടെ സിര്‍സയിലെ ആശ്രമത്തില്‍ റെയ്ഡ് നടത്തിയപ്പോഴും ഗുര്‍മീതിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചപ്പോഴും താരതമ്യേന ചെറിയ തുകകള്‍ മാത്രമേ പിടിച്ചെടുക്കാനായുള്ളൂ. വരുമാനമെല്ലാം പല പേരുകളിലുള്ള നിരവധി കമ്പനികളിലൂടെ സുരക്ഷിതമായി കടത്തുകയായിരുന്നു ഗുര്‍മീത് എന്നാണ് അന്വേഷണ സംഘം അനുമാനിക്കുന്നത്.