ജയ്ഷായുടെ കമ്പനിക്ക് ലഭിച്ച വായ്പയില്‍ 4000 ശതമാനത്തിന്റെ വര്‍ധന

0
47


ന്യൂഡല്‍ഹി: അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിക്ക് ചുരുങ്ങിയ കാലത്തിനിടെ ലഭിച്ചത് വമ്പന്‍ വായ്പ. 4000 ശതമാനത്തിന്റെ വര്‍ധനയാണ് വായ്പയിലുണ്ടായതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 2013-14 വര്‍ഷത്തില്‍ 1.3 കോടി രൂപ മാത്രമാണ് ജയ് ഷായുടെ സ്ഥാപനങ്ങള്‍ക്ക് വായ്പയായി ലഭിച്ചതെങ്കില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014-15 വര്‍ഷത്തില്‍ വായ്പയായി ലഭിച്ച തുക 53.4 കോടിയായി ഉയര്‍ന്നു. നാലായിരം ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവസംരഭകര്‍ക്കും പുത്തന്‍ സംരംഭങ്ങള്‍ക്കുമായി മോദി സര്‍ക്കാര്‍ വായ്പകള്‍ അനുവദിക്കുന്നുണ്ടെങ്കിലും ഈ പദ്ധതിയുടെ ഭാഗമായിട്ടല്ല ജയ് ഷായ്ക്ക് വായ്പ ലഭിച്ചതെന്ന് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.ജയ് ഷായുടെ കമ്പനികളിലൊന്നായ ടെമ്പിള്‍ എന്റെര്‍പ്രൈസസ് 2004-ല്‍ നിലവില്‍ വന്ന കമ്പനിയാണ്. പത്ത് വര്‍ഷം നീണ്ട പ്രവര്‍ത്തനത്തിന് ശേഷം 2014-ല്‍ കമ്പനിയുടെ പ്രവര്‍ത്തനലാഭം 18.8 ലക്ഷം രൂപയായിരുന്നു.

എന്നാല്‍ 2015-ല്‍ നോണ്‍ ബാങ്കിംഗ് കമ്പനിയായ കിഫ്സ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് 15.76 കോടി രൂപ ജയ് ഷായുടെ സ്ഥാപനത്തിന് വായ്പയായി നല്‍കി. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് 2015-16 വര്‍ഷത്തില്‍ 88 കോടിയോളം രൂപ പ്രത്യേക പദ്ധതി പ്രകാരം വിവിധ സ്ഥാപനങ്ങള്‍ക്ക് വായ്പയായി നല്‍കിയിട്ടുണ്ടെന്നും ഇപ്രകാരമാണ് ജയ് ഷായുടെ സ്ഥാപനത്തിനും വായ്പ അനുവദിച്ചതെന്നുമാണ് കിഫ്സ് നല്‍കുന്ന വിശദീകരണം.

അതായത് കിഫ്സ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് ആകെ നല്‍കിയ വായ്പ തുകയുടെ 17 ശതമാനവും ഒരൊറ്റ കമ്പനിക്കാണ് വിതരണം ചെയ്തിരിക്കുന്നത്. അതും കാര്യമായ സാമ്പത്തിക ലാഭമില്ലാത്ത ഒരു സ്ഥാപനത്തിന്.2012ല്‍ ജയ് ഷായുടെ പങ്കാളിത്തത്തില്‍ തുടങ്ങിയ കുസും ഫിന്‍സര്‍വ്വീസ് എന്ന സ്ഥാപനത്തിന് നേരേയും സമാനമായ ആരോപണമുണ്ട്. പ്രവര്‍ത്തനം തുടങ്ങി ആദ്യവര്‍ഷം 36,500 രൂപ നഷ്ടമുണ്ടാക്കിയ ഈ സ്ഥാപനം 2014-ല്‍ 1.73 കോടിയുടെ ലാഭമാണ് രേഖപ്പെടുത്തിയത്.

2015ല്‍ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലൂപുര്‍ കൊമേഴ്സ്യല്‍ കോപറേറ്റീവ് ബാങ്കില്‍നിന്ന് 25 കോടി രൂപ കുസും ഫിന്‍സര്‍വ്വീസിന് വായ്പയായി ലഭിച്ചു. ആര്‍ബിഐ ചട്ടപ്രകാരം അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് ഓഹരി ദല്ലാള്‍ കമ്പനികള്‍ക്ക് ലോണ്‍ നല്‍കുന്നതില്‍ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ദല്ലാള്‍ കമ്പനി എന്ന നിലയിലല്ല ചരക്കുകള്‍ വില്‍ക്കുന്ന വ്യാപാരസ്ഥാപനം എന്ന വിഭാഗത്തില്‍പ്പെടുത്തിയാണ് ഇവര്‍ക്ക് ലോണ്‍ നല്‍കിയതെന്നാണ് ബാങ്കിന്റെ വിശദീകരണം.

സര്‍ക്കാരിന് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം കമ്പനിയുടെ വരുമാനത്തിന്റെ 60 ശതമാനവും കണ്‍സള്‍ട്ടന്‍സി സര്‍വ്വീസില്‍നിന്നാണ് ലഭിച്ചിരിക്കുന്നതെന്നാണ് പറയുന്നത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനം കച്ചവടം നടത്തുന്നതെങ്ങനെയെന്നതാണ് ഇതിലെ വിരോധാഭാസമായി എന്‍ഡിടിവി ചൂണ്ടിക്കാട്ടുന്നത്.

കുസും ഫിനാന്‍സ് സര്‍വ്വീസിന് പത്ത് കോടി രൂപ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐആര്‍ഇഡിഎയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പാരമ്പര്യേതര ഊര്‍ജോത്പാദന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐആര്‍ഇഡിഎയില്‍നിന്ന് വായ്പ ലഭിക്കുക.
ഓഹരിരംഗം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജയ് ഷായുടെ കമ്പനിക്ക് ഈ വായ്പ ലഭിച്ചതെങ്ങനെയെന്നാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്തുവിട്ട രേഖകള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ എന്‍ഡിടിവി ഉയര്‍ത്തുന്ന ചോദ്യം.