രണ്ടാം ട്വന്റി 20: ഓസ്‌ട്രേലിയയ്ക്ക് വിജയം; ഹെന്റിക്വസിന് അര്‍ധ സെഞ്ച്വറി

0
73

ഗുവാഹത്തി: ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് എട്ടു വിക്കറ്റ് ജയം. വിജയമുറപ്പായിരുന്ന മത്സരത്തില്‍ ഓസീസിന് നഷ്ടമായത് ആരോണ്‍ ഫിഞ്ചിന്റെയും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന്റെയും മാത്രം വിക്കറ്റുകള്‍. 62 റണ്‍സുമായി മോയ്‌സസ് ഹെന്റിക്വസും 48 റണ്‍സെടുത്ത ട്രാവിസ് ഹെഡും ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 15.3 ഓവറില്‍ തന്നെ ഇരുവരും ചേര്‍ന്ന് വിജയറണ്‍സ് കുറിച്ചു.

നേരത്തെ ഇന്ത്യന്‍ ഇന്നിങ്‌സ് 118 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ കേദാര്‍ ജാദവ്, എംഎസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യയെ ആദ്യം ബാറ്റു ചെയ്യാന്‍ വിട്ട ഓസീസ് ആദ്യ ഓവറുകളില്‍ ഇന്ത്യയെ വരിഞ്ഞുകെട്ടുകയായിരുന്നു. ഒന്നാം ഓവറില്‍ തന്നെ രണ്ടു വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഓപ്പണര്‍ രോഹിത് ശര്‍മ എട്ട് റണ്‍സും പിന്നാലെ വന്ന ക്യാപ്ടന്‍ വിരാട് കോഹ്‌ലി രണ്ടു റണ്‍സും എടുത്ത് പുറത്തായി. ബെഹ്രെന്‍ഡോഫിനായിരുന്നു രണ്ടു വിക്കറ്റുകളും. രണ്ടാം ഓവറില്‍ മനീഷ് പാണ്ഡെയും പുറത്തായതോടെ ഇന്ത്യ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. കേദാര്‍ ജാദവും എംഎസ് ധോണിയും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും അതും ഫലിച്ചില്ല. 13 റണ്‍സെടുത്ത ധോണിയെ ആദം സാംബയുടെ പന്തില്‍ ടിം പെയ്ന്‍ സ്റ്റംബ് ചെയ്ത് പുറത്താക്കുകയായിരുന്നു.

പതിനൊന്നാം ഓവറില്‍ കേദാര്‍ ജാദവും തൊട്ടടുത്ത ഓവറില്‍ ഭുവനേശ്വര്‍ കുമാറും കൂടാരം കയറി. കുല്‍ദീപ് യാദവും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് സ്‌കോര്‍ നൂറ് കടത്തി. എന്നാല്‍ മാര്‍കസ് സ്റ്റോയ്ണിസിന്റെ പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ച പാണ്ഡ്യ ബൗണ്ടറി ലൈനിന് സമീപം ഡാനിയേല്‍ ക്രിസ്റ്റ്യന് ക്യാച്ച് നല്‍കി മടങ്ങി. ഇരുപതാം ഓവറില്‍ ജസ്പ്രീത് ബുംറ റണ്ണൗട്ടായി. ഇതേ ഓവറിലെ അവസാന പന്തില്‍ 16 റണ്‍സെടുത്ത കുല്‍ദീപ് ടിംപെയ്‌ന് ക്യാച്ച് നല്‍കി പുറത്തുപോയി.

നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ ജേസണ്‍ ബെഹ്രന്‍ഡോഫാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ബെഹ്രന്‍ഡോഫിന്റെ കരിയറിലെ രണ്ടാം ട്വന്റി 20 മത്സരമാണിത്. ആദം സാംബ രണ്ടു വിക്കറ്റും മാര്‍കസ് സ്റ്റോണിസ്, നഥാന്‍ കോള്‍ട്ടര്‍, അന്‍ഡ്രു ടൈ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.