ന്യൂഡല്‍ഹി: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായ മനീഷ് ഗിരിയെ നാവികസേന സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പുറത്താക്കി. വിശാഖപട്ടണത്തായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് മനീഷ് ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയത്. മുംബൈയിലെ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയക്ക് വേണ്ടി ഇയാള്‍ അവധിയെടുത്തിരുന്നു.
സേനയില്‍ പ്രവേശിക്കുമ്പോഴത്തെ ലിംഗസ്വത്വത്തില്‍ നിന്ന് ആരെയും അറിയിക്കാതെ മറ്റൊരു ലിംഗത്തിലേക്കു ശസ്ത്രക്രിയ നടത്തി മാറുന്നത് ചട്ടലംഘനമാണ്. നിലവിലെ നിയമങ്ങളനുസരിച്ച് ലിംഗമാറ്റം വരുത്തിയവര്‍ക്കു ജോലിയില്‍ തുടരാനാകില്ലെന്നും നാവികസേന പ്രസ്താവനയിലൂടെ അറിയിച്ചു.
ഏഴു വര്‍ഷം മുന്‍പാണു മനീഷ് ഗിരി ജോലിയില്‍ പ്രവേശിച്ചത്. നാലു വര്‍ഷത്തോളം ഐഎന്‍എസ് എക്സിലയില്‍ സേവനം. തന്റെയുള്ളിലെ സ്ത്രീത്വം തിരിച്ചറിഞ്ഞ അദ്ദേഹം ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. 2016 ഒക്ടോബര്‍ മുതല്‍ ഇതിനായി പലതവണ അവധിയെടുത്തു. തുടര്‍ന്നു സാബി എന്ന പേര് അനൗദ്യോഗികമായി സ്വീകരിച്ചു.
എന്നാല്‍ രേഖകളില്‍ പഴയ പേര് തന്നെയായിരുന്നു. അങ്ങനെയാണ് ഓഫീസില്‍ ഇടപെട്ടതും. മുന്‍പത്തെപോലെ തന്നെ സഹപ്രവര്‍ത്തകരോടു പെരുമാറി. എന്നാല്‍ മൂത്രത്തില്‍ പഴുപ്പ് വന്നതിനെത്തുടര്‍ന്നുള്ള ചികിത്സയ്ക്കായി ഇവര്‍ക്കു തന്റെ ലിംഗമാറ്റം വെളിപ്പെടുത്തേണ്ടി വന്നു. ഇതോടെയാണ് സേന സത്യം അറിയുന്നതും തുടര്‍ന്ന് പുറത്താക്കല്‍ തീരുമാനമുണ്ടായതും. കുറഞ്ഞത് 15 വര്‍ഷത്തെ സേവനം ഇല്ലാത്തതിനാല്‍ ഇവര്‍ക്കു പെന്ഷന് അര്‍ഹതയുണ്ടാകില്ല.
ഇന്ത്യന്‍ സേനയിലെ ആദ്യ ട്രാന്സ്ജന്ഡര് സംഭവമാണ് മനീഷ് എന്ന സാബിയുടേത്. ലിംഗമാറ്റം പുറത്തറിഞ്ഞതോടെ തന്റെ മേധാവി മാനസികാരോഗ്യ കേന്ദ്രത്തിലെ പുരുഷന്മാരുടെ വാര്‍ഡില്‍ ആറുമാസത്തോളം നിര്‍ബന്ധിച്ച് ചികിത്സിപ്പിച്ചെന്നാണ് സാബിയുടെ പരാതി. ആറു മാസത്തോളം തനിക്കു ജയില്‍ സമാന അനുഭവമാണു സേനയിലുണ്ടായത്. തന്റെ അവകാശങ്ങളുടെ കടുത്ത ലംഘനമാണ് നടന്നിരിക്കുന്നതെന്നും നീതി കിട്ടും വരെ പോരാടുമെന്നും സാബി പറഞ്ഞു.