വികസനം കാണണമെങ്കില്‍ ഇറ്റാലിയന്‍ കണ്ണട മാറ്റി വയ്ക്കണം; രാഹുലിനോട് അമിത് ഷാ

0
52

ലഖ്നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ പരിഹാസവും വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കാത്തത് ഇറ്റാലിയന്‍ കണ്ണടകള്‍ ധരിച്ചിരിക്കുന്നതു കൊണ്ടാണെന്ന് അമിത് ഷാ പരിഹസിച്ചു. അമേഠിയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ഉത്തര്‍ പ്രദേശില്‍ വന്‍ വികസനം കൊണ്ടുവരും .ഗുജറാത്തില്‍ കറങ്ങിനടക്കുന്നതിന് പകരം രാഹുല്‍ അമേഠിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അമിത്ഷാ ഉപദേശിച്ചു.

2019 ല്‍ ബിജെപി വോട്ട് അഭ്യര്‍ഥിക്കാനെത്തുക വാഗ്ദാനങ്ങളുമായല്ല പകരം പൂര്‍ത്തിയാക്കിയ പദ്ധതികളുടെ പട്ടികയുമായിട്ടായിരിക്കുമെന്നും അമിത്ഷാ പറഞ്ഞു. മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച 106 പദ്ധതികളെ കുറിച്ച് പരാമര്‍ശിച്ച അമിത് ഷാ, ഒരുപക്ഷെ രാഹുലിന് 106 വരെ എണ്ണാന്‍ അറിയില്ലായിരിക്കുമെന്നും പരിഹസിച്ചു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും അമിത് ഷാ പരിഹാസ ശരങ്ങളുയര്‍ത്തി ‘ഞങ്ങള്‍ കുറച്ചു കാര്യങ്ങളെങ്കിലും ചെയ്തു. സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയെ കൊണ്ടുവരാന്‍ സാധിച്ചു എന്നതാണ് ഞങ്ങള്‍ ചെയ്ത ആദ്യകാര്യം’- മന്‍മോഹന്‍ സിങ്ങിനെ ഉന്നം വച്ച് അമിത് ഷാ പറഞ്ഞു. ഗുജറാത്തില്‍ മോദി മോഡല്‍ വികസനമാണുള്ളത്. എല്ലാ കുടുംബങ്ങള്‍ക്കും അവിടെ വൈദ്യുതിയും കുടിവെള്ളവും തടസ്സമില്ലാതെ ലഭ്യമാണ്.

രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍ കളക്ടറുടെ ഓഫീസോ ഓള്‍ ഇന്ത്യാ റേഡിയോയുടെ ഓഫീസോ വികസനമോ ഇല്ലാത്തത് പരിതാപകരമായ അവസ്ഥയാണെന്ന് അമിത്ഷാ അഭിപ്രായപ്പെട്ടു.