വിജയം സ്‌പെയിനിന് സ്വന്തം; നൈജറിനെ തകര്‍ത്തത് നാല് ഗോളിന്

0
56

കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കന്നി വിജയം തേടിയിറങ്ങിയ സ്‌പെയിനിന് പിഴച്ചില്ല. നൈജറിനെതിരായ മല്‍സരത്തില്‍ നാല് ഗോളോടെ ആദ്യവിജയം. ടൂര്‍ണമെന്റിന്റെ താരമാകുമെന്നു കരുതപ്പെടുന്ന സ്പാനിഷ് ക്യാപ്റ്റന്‍ ആബേല്‍ റൂയിസ് ഇരട്ട ഗോളുകളുമായി കരുത്തുകാട്ടിയപ്പോള്‍, ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ഗോള്‍ നേടിയ സെസാര്‍ ഗെല്‍ബര്‍ട്ടാണ് ലീഡ് മൂന്നിലെത്തിച്ചത്. 21, 41 മിനിറ്റുകളിലായിരുന്നു റൂയിസിന്റെ ഗോളുകള്‍. ഗോളടിക്കുക എന്ന ഏകലക്ഷ്യവുമായി നാലു സ്‌ട്രൈക്കര്‍മാരുമായി ടീമിനെ കളത്തിലിറക്കിയ സ്പാനിഷ് പരിശീലകന്റെ തന്ത്രങ്ങള്‍ വിജയിച്ചു.

21ാം മിനിറ്റിലായിരുന്നു സ്‌പെയിനിന്റെ ആദ്യഗോള്‍. ചെറുപാസുകളിലൂടെ തുടങ്ങിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് ഇടതു വിങ്ങില്‍ യുവാന്‍ മിറാന്‍ഡയിലേക്ക്. നിരന്നുനിന്ന മൂന്നു നൈജര്‍ പ്രതിരോധ നിര്‍ക്കാര്‍ക്കിടയിലൂടെ മിറാന്‍ഡ നീട്ടിനില്‍കിയ പാസ് ആബേല്‍ റൂയിസ് അനായാസം തട്ടി വലയിലിട്ടു. റൂയിസിന്റെ മികവിനേക്കാള്‍ നൈജര്‍ പ്രതിരോധത്തിന്റെ പാളിച്ച തുറന്നുകാട്ടിയ ഗോള്‍. ടൂര്‍ണമെന്റിന്റെ താരമാകുമെന്ന് കരുതപ്പെടുന്ന സ്പാനിഷ് ക്യാപ്റ്റന്റെ ലോകകപ്പിലെ ആദ്യഗോള്‍. സ്‌പെയിനിന്റെയും. സ്‌കോര്‍ 1-0.

41ാം മിനിറ്റില്‍ വീണ്ടും സ്‌പെയിന്‍ ഗോള്‍വല ചലിപ്പിച്ചു . നൈജര്‍ ബോക്‌സിന് തൊട്ടു പുറത്ത് ഫെറാന്‍ ടോറസിനെ വീഴ്ത്തിയതിന് സ്‌പെയിനിന് അനുകൂലമായി ഫ്രീകിക്ക്. അപകടകരമായ പൊസിഷനില്‍നിന്നും ഡയറക്റ്റ് ഫ്രീകിക്കിനു ശ്രമിക്കാതെ ക്യാപ്റ്റന്‍ ആബേല്‍ റൂയിസിനെ ലക്ഷ്യമാക്കി സെര്‍ജിയോ ഗോമസ് പന്ത് നിലത്തോട് ചേര്‍ത്ത് നീട്ടി നല്‍കി. ആബേല്‍ റൂയിസ് ആദ്യം നടത്തിയ ഗോള്‍ശ്രമം നൈജര്‍ താരം തടുത്തിട്ടു. റീബൗണ്ടില്‍ കിട്ടിയ അവസരം മുതലെടുത്ത് ആബേല്‍ റൂയിസിന്റെ തകര്‍പ്പന്‍ ഫിനിഷിങ്. സ്‌പെയിന്‍ 2-0 നു മുന്നില്‍.

ആദ്യപകുതിക്കു തൊട്ടുമുന്‍പ് സലിം അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ നൈജര്‍ താരങ്ങള്‍ സ്പാനിഷ് ബോക്‌സില്‍ അപകടം വിതച്ചെങ്കിലും ഗോള്‍ മാത്രം അകന്നുപോയി. ആദ്യപകുതിയുടെ അധികസമയത്ത് സ്‌പെയിന്‍ ലീഡു വര്‍ധിപ്പിച്ചു. ഇത്തവണ ഗോള്‍ നേടാനുള്ള ഭാഗ്യം സെസാര്‍ ഗെലാബര്‍ട്ടിന്. ബോക്‌സിനുള്ളില്‍ സ്പാനിഷ് ക്യാപ്റ്റന്‍ ആബേല്‍ റൂയിസ് നടത്തിയ ഗോള്‍ശ്രമം നൈജനര്‍ ഗോള്‍കീപ്പര്‍ തട്ടിത്തെറുപ്പിച്ചു. പന്തു ലഭിച്ച സെര്‍ജിയോ ഗോമസ് നല്‍കിയ ക്രോസില്‍ ഗെലാബര്‍ട്ടിന്റെ ഫസ്റ്റ് ടൈം ഷോട്ട് നൈജര്‍ ഗോള്‍കീപ്പറിനു യാതൊരു അവസരവും നല്‍കാതെ വലയിലേക്ക്. സ്‌കോര്‍ 3-0.

രണ്ടാം പകുതിയിലെ ഒരു ഗോളോടെ സ്‌പെയിന്‍ പട്ടിക തികച്ചു. 82ാം മിനിറ്റില്‍ ലക്ഷ്യം കണ്ടത് സെര്‍ജിയോ ഗോമസ്.


മന്ദഗതിയിലായിരുന്നു മല്‍സരത്തിന്റെ തുടക്കം. ആദ്യ അഞ്ചു മിനിറ്റിനുള്ളില്‍ രണ്ടു കോര്‍ണറാണ് സ്‌പെയിന്‍ വഴങ്ങിയത്. ആദ്യത്തെ ശ്രദ്ധേയ നീക്കം നടത്തിയത് നൈജര്‍. മധ്യവരയ്ക്കു സമീപത്തുനിന്നും കാലില്‍ക്കൊളുത്തിയ പന്തുമായി മധ്യനിരതാരം ഹബീബു സോഫിയാന്റെ മുന്നേറ്റം. സ്‌പെയിന്‍ ബോക്‌സിലെത്തുമ്പോഴേക്കും ദുര്‍ബലമായി മാറിയ നീക്കം ഗോള്‍കീപ്പര്‍ അല്‍വാരോ ഫെര്‍ണാണ്ടസിന്റെ കൈകളില്‍ അവസാനിച്ചു. ആറാം മിനിറ്റില്‍ നൈജര്‍ മുന്നേറ്റത്തിനു തടയിടാനുള്ള സ്പാനിഷ് പ്രതിരോധനിരതാരം യുവാന്‍ മിറാന്‍ഡയുടെ ശ്രമം സ്വന്തം പോസ്റ്റില്‍ അവസാനിക്കാതിരുന്നതു ഭാഗ്യം.

എട്ടാം മിനിറ്റില്‍ സ്‌പെയിനിനെതിരെ വീണ്ടും കോര്‍ണര്‍ കിക്ക് . കോര്‍ണറില്‍ നിന്നെത്തിയ പന്തിന് തലവച്ച ഇബ്രാഹിം ബൗബാക്കറിന്റെ ശ്രമത്തിന് കരുത്തു കുറഞ്ഞത് സ്‌പെയിനിന് വീണ്ടും ഭാഗ്യമായി. തൊട്ടുപിന്നാലെ മല്‍സരത്തിലാദ്യമായി സ്‌പെയിന്‍ ഗാലറികളില്‍ തീപടര്‍ത്തി. സെസാര്‍ ഗലാബെര്‍ട്ട്, മുഹമ്മദ് മൗക്ലിസ് എന്നിവര്‍ ചേര്‍ന്ന് നൈജര്‍ ബോക്‌സിലേക്കൊരു അതിവേഗ മുന്നേറ്റം.

ആദ്യ പത്തു മിനിറ്റില്‍ 70 ശതമാനം ബോള്‍ പൊസിഷനും നൈജറിന്. ടിക്കി ടാക്കയുടെ ശൈലിയുടെ സ്വന്തക്കാര്‍ പന്തുകിട്ടാതെ മൈതാനത്ത് അലയുന്ന കൗതുകമുള്ള കാഴ്ച. തുടര്‍ന്നങ്ങോട്ട് സ്‌പെയിന്‍ പതുക്കെ കളം പിടിച്ചു. 12ാം മിനിറ്റില്‍ അന്റോണിയോ ബ്ലാങ്കോയില്‍നിന്ന് ലഭിച്ച പന്തില്‍ സെര്‍ജിയോ ഗോമസിന്റെ ദുര്‍ബലമായ ഗോള്‍ശ്രമം നൈജര്‍ ഗോള്‍കീപ്പര്‍ അനായാസം കയ്യിലൊതുക്കി. 15ാം മിനിറ്റില്‍ സ്‌പെയിനിന്റെ മുന്നേറ്റത്തിനൊടുവില്‍ പന്ത് മുഹമ്മദ് മൗക്ലിസിന്. ഫെറാന്‍ ടോറസിനെ ലക്ഷ്യമിട്ടുള്ള മൗക്ലിസിന്റെ അലക്ഷ്യമായ പാസ് നൈജര്‍ ഗോളിയുടെ കയ്യിലേക്ക്. 16ാം മിനിറ്റില്‍ ആബേല്‍ റൂയിസില്‍നിന്നും പന്തു സ്വീകരിച്ച് സെസാര്‍ ഗെലാബര്‍ട്ട് തൊടുത്ത മിന്നല്‍ഷോട്ട് നൈജര്‍ ഗോള്‍കീപ്പര്‍ വീണുകിടന്ന കയ്യിലൊതുക്കി. മികവാര്‍ന്ന സേവിന് ഗാലറിയുടെ കയ്യടി. ഇടയ്ക്ക് അനാവശ്യ ഫൗളിനു മുതിര്‍ന്ന ഇബ്രാഹിം നമാട്ടയെ മഞ്ഞക്കാര്‍ഡ് കാട്ടി റഫറി വിരട്ടി. ഇതിനു പിന്നാലെയായിരുന്നു ആദ്യ ഗോള്‍.

26ാം മിനിറ്റില്‍ ലീഡ് വര്‍ധിപ്പിക്കാന്‍ സ്‌പെയിനിന് സുവര്‍ണാവസരം. അനുകൂലമായി ലഭിച്ച കര്‍ണറില്‍നിന്നെത്തിയ പന്ത് കയ്യിലൊതുക്കാനുള്ള നൈജര്‍ ഗോള്‍കീപ്പറിന്റെ ശ്രമം വിഫലം. പന്തു കാല്‍ക്കലാക്കിയ ആബേല്‍ റൂയിസ് ഹെഡ് ചെയ്യാന്‍ പാകത്തിന് അതുയര്‍ത്തി ബോക്‌സിനു നടുവിലേക്കിട്ടു. സ്ഥാനം തെറ്റിനിന്ന ഗോളിയെ കബളിപ്പിച്ച് സ്പാനിഷ് നിരയിലെ ഉയരക്കാരന്‍ യുവാന്‍ മിറാന്‍ഡ പന്തു ചെത്തിവിട്ടെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ക്രോസ്ബാറിനു മുകളിലൂടെ പറന്നു. 27ാം മിനിറ്റില്‍ നൈജറിന്റെ അവസരം. സ്‌പെയിന്‍ ബോക്‌സിനുള്ളിലെത്തിയ പന്തു കൈക്കലാക്കാന്‍ താരങ്ങളുടെ കൂട്ടപ്പൊരിച്ചില്‍. അതിനിടെ ഇബ്രാഹിം ബൗബാക്കറും ഹബീബു സോഫിയാനും തൊടുത്ത ഷോട്ടുകള്‍ സ്‌പെയിനിന്റെ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. നൈജറിന്റെ ദിനമല്ലെന്നു തോന്നിച്ച നിമിഷങ്ങള്‍. 31ാം മിനിറ്റില്‍ വീണ്ടും സ്‌പെയിനിനു ലീഡ് വര്‍ധിപ്പിക്കാന്‍ അവസരം. മുഹമ്മദ് മൗക്ലിസിന്റെ പാസില്‍ ക്യാപ്റ്റന്‍ ആബേല്‍ റൂയിസ് തൊടുത്ത ഷോട്ട് പുറത്തേക്കു പോയി. 33ാം മിനിറ്റില്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ അന്റോണിയോ ബ്ലാങ്കോയുടെ ഫൗള്‍ നൈജറിനു ഫ്രീകിക്ക് സമ്മാനിച്ചെങ്കിലും ഷോട്ട് പുറത്തേക്ക്. 41ാം മിനിറ്റില്‍ ആബേല്‍ റൂയിസ് രണ്ടാം ഗോളും ഇന്‍ജുറി ടൈമിന്റെ അധികസമയത്ത് ഗെലാബര്‍ട്ടും ലക്ഷ്യം കണ്ടു. രണ്ടാം പകുതിയില്‍ 82ാം മിനിറ്റില്‍ സെര്‍ജിയോ ഗോമസ് കൂടി ഗോള്‍ നേടിയതോടെ സ്പാനിഷ് ഗോള്‍ പട്ടിക പൂര്‍ത്തിയായി.