ലക്നൗ; വിഷവാതകം ശ്വസിച്ചതിനെത്തുടര്‍ന്നു തളര്‍ച്ച അനുഭവപ്പെട്ട 300 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഷാമിലി ജില്ലയിലെ സ്വകാര്യ സ്കൂളിനു സമീപമുള്ള ഷുഗര്‍ മില്ലില്‍നിന്നാണ് വിഷവാതകം എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
വയറുവേദന, ഛര്‍ദ്ദില്‍, കണ്ണുകളില്‍ നീറ്റല്‍ തുടങ്ങിയവ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഷയത്തില്‍ സഹാരണ്‍പുര്‍ കമ്മിഷണറോട് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്കി.
നേരത്തേയും ഇതുപോലുള്ള സംഭവങ്ങള്‍ നടന്നിട്ടുള്ളതായി മീററ്റ് സോണ്‍ എഡിജി: പ്രശാന്ത് കുമാര്‍ പറഞ്ഞു. വിവിധ ആശുപത്രികളില്‍ ചികില്‍സയിലായ കുട്ടികളെല്ലാം സുരക്ഷിതരാണ്. അന്വേഷണം നടക്കുകയാണെന്നം കുറ്റവാളികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും എഡിജി അറിയിച്ചു.
ഈ ഷുഗര്‍ മില്ലില്‍നിന്നു നേരത്തേയും സ്ഥിരമായി വിഷവാതകം വമിപ്പിക്കുന്ന രാസമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പുറത്തുവിടാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.