സെക്സി ദുര്‍ഗക്ക് കത്രിക വെച്ച്‌ സെന്‍സര്‍ ബോര്‍ഡ്

0
95

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്സി ദുര്‍ഗക്ക് കത്രിക വെച്ച്‌ സെന്‍സര്‍ ബോര്‍ഡ്. സെക്സി എന്ന പേരിന് പകരം എസ് ദുര്‍ഗ എന്ന് ഉപയോഗിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശം. 21 ഇടങ്ങളില്‍ ബീപ് ശബ്ദമിടണമെന്നും സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടു. മതവികാരം വ്രണപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് നടപടി.

പേരുമാറ്റിയാല്‍ മാത്രമേ സിനിമ സെന്‍സര്‍ ചെയ്യുകയുള്ളൂ എന്ന സെന്‍സര്‍ ബോര്‍ഡിന്‍റെ ആവശ്യം സംവിധായകന്‍ അംഗീകരിക്കുകയായിരുന്നു.പേരുമാറ്റിയാലും ചിത്രത്തിന്‍റെ സ്വത്വം മാറില്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.എസ് ദുര്‍ഗ എന്ന് പറഞ്ഞാലും ജനങ്ങള്‍ സെക്സി ദുര്‍ഗ എന്ന രീതിയില്‍ തന്നെയാവും സിനിമയെ തിരിച്ചറിയുക എന്നും അദ്ദേഹം പറഞ്ഞു.

ഭാവനക്ക് കത്രിക വെക്കാന്‍ സെന്‍സര്‍ ബോര്‍ഡിനാവില്ലെന്ന് സനല്‍കുമാര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സിനിമയുടെ പേര് ദുര്‍ഗാ ദേവിയെ അപമാനിക്കുന്നതാണ് എന്നാണ് ആരോപണം. എന്നാല്‍ സിനിമ ദുര്‍ഗയെന്ന ദേവിയെക്കുറിച്ചല്ല. ഒരു റോഡ് മൂവിയാണത്. തിയ്യറ്റര്‍ റിലീസിനെ മാത്രമാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ നിയന്ത്രണങ്ങള്‍ ബാധിക്കുക.

റോട്ടര്‍ഡാം പുരസ്കാരം നേടിയ ചിത്രമാണ് സെക്സി ദുര്‍ഗ.

ഓണ്‍ലൈന്‍ റിലീസിന് ഈ നിയന്ത്രണങ്ങളുണ്ടാവില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. ചിത്രം നവംബറില്‍ റിലീസ് ചെയ്യും.