റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് വന്‍ തൊഴിലവസരങ്ങള്‍. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനമായതോടെ ഡ്രൈവിംഗ് അറിയുന്ന വീട്ടുവേലക്കാരികളെ തേടുകയാണ് പലരും. നിലവില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ പകുതിയിലധികവും പുരുഷന്മാരായ വീട്ടു ഡ്രൈവര്‍മാരാണ്. വനിതാ ഡ്രൈവര്‍മാരെ ആവശ്യപ്പെട്ടു കൊണ്ട് റിക്രൂട്ടിംഗ് കമ്പനികള്‍ രംഗത്ത് വന്നു തുടങ്ങി.
ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കനുസരിച്ച് 2,384,599 വിദേശ ഗാര്‍ഹിക തൊഴിലാളികളാണ് സൗദിയില്‍ ഉള്ളത്. ഇതില്‍ 1,385,060 പേരും വീട്ടു ഡ്രൈവര്‍മാരാണ്. അതായത് അമ്പത്തിയെട്ട് ശതമാനം. 1,610,244 പുരുഷന്മാരായ ഗാര്‍ഹിക തൊഴിലാളികളുണ്ട് സൗദിയില്‍. ഇതില്‍ 86.1 ശതമാനവും ഡ്രൈവര്‍മാരാണെന്ന് ഇത് സംബന്ധമായ റിപ്പോര്‍ട്ട് പറയുന്നു.
ഹൗസ് കീപ്പിംഗ്, വീട്ടുവേല, പാചകം, വീടിനു കാവല്‍ നില്ക്കല്, കൃഷിപ്പണി, ടൈലറിംഗ്, ഹോം നഴ്സ്, ട്യൂഷന്, ഡ്രൈവിംഗ് എന്നിങ്ങനെ ഒമ്പത് തസ്തികകളാണ് ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ഉള്ളത്. ഇതില്‍ ഡ്രൈവിംഗ് ഉള്‍പ്പെടെ മൂന്ന് ജോലികള്‍ സ്ത്രീകള്‍ക്ക് ചെയ്യാന്‍ സാധിക്കില്ലായിരുന്നു.
എന്നാല്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്കാന് തീരുമാനമായതോടെ ഗാര്‍ഹിക തൊഴില്‍ വിസയില്‍ വനിതാ ഡ്രൈവര്‍മാരും വരും ദിവസങ്ങളില്‍ സൗദിയില്‍ എത്തും. വനിതാ ഡ്രൈവര്‍മാര്‍ക്ക് ആവശ്യക്കാര്‍ കൂടി വരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഒരു റിക്രൂട്ടിംഗ് കമ്പനി ഡ്രൈവിംഗ് ലൈസന്‍സുള്ള വേലക്കാരികളെ ആവശ്യപ്പെട്ടു പരസ്യം ചെയ്തു. ആയിരത്തി എണ്ണൂറു റിയാലാണ് വാഗ്ദാനം ചെയ്യുന്ന ശമ്ബളം. വീട്ടുജോലി ചെയ്യുന്നതോടൊപ്പം, മാര്‍ക്കറ്റില്‍ പോകാനും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാത്ര ചെയ്യാനും, കുട്ടികളെ സ്കൂളില്‍ വിടാനുമൊക്കെ വനിതാ ഡ്രൈവര്‍മാരാണ് സുരക്ഷിതമെന്നാണ് വിലയിരുത്തല്‍.