ബോസ്റ്റണ്‍: സമുദ്രനിരപ്പില്‍ ക്രമാതീതമായി വര്‍ധിച്ചുവരുന്ന കാര്‍ബണ്‍ ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്ന് പഠനം. 2100 ഓടെ ഭൂമി ഇതുവരെ നേരിട്ടതില്‍ വച്ച് ആറാമത്തെ വിനാശകരമായ ദുരന്തത്തിലേക്ക് കാലെടുത്തുവെയ്ക്കുമെന്നാണ് മസ്സാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐറ്റി) നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ 540 ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ ഭൂമി വിനാശകരമായ അഞ്ച് ദുരന്തങ്ങളിലൂടെയാണ് കടന്നുപോയത്. സുനാമി, പ്രളയം, ഭൂമികുലുക്കം തുടങ്ങി പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ചെങ്കിലും വരാനിരിക്കുന്ന ദുരന്തങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലയെന്നാണ് പഠനം. അന്തരീക്ഷത്തിലും സമുദ്രനിരപ്പിലും വര്‍ധിച്ചുവരുന്ന കാര്‍ബണാണ് ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിക്കുന്നത്.
ത്രെഷോള്ഡ്സ് ഓഫ് കാറ്റസ്ട്രോഫി എന്ന് പേരിട്ടിരിക്കുന്ന പഠനത്തിന് പുറകില്‍ എംഐടി പ്രൊഫസറും ലോറന്‍സ് സെന്റര്‍ സഹനടത്തിപ്പുകാരനുമായ ഡാനിയല്‍ റോത്ത്മാനാണ്. കഴിഞ്ഞ കാലങ്ങളില്‍ 31 സംഭവവികാസങ്ങള്‍ ഭൂമിയുടെ കാര്‍ബണ്‍ ചക്രത്തില്‍ നടന്നതായി റോത്ത്മാന് കണ്ടത്തി. ഇത്തരത്തില്‍ ഒരു പാരിസ്ഥിതിക ദുരന്തത്തിന് പതിനായിരത്തോളം വര്‍ഷങ്ങള്‍ എടുത്തേക്കാം, എന്നാല്‍ 2100 ഓടെ ലോകം അത്തരത്തില്‍ ഒരു മഹാവിപത്തിന്റെ സൂചന തന്നേക്കാം റോത്ത്മാന് പറയുന്നു.
ഒരിക്കലും തൊട്ടടുത്ത ദിവസം തന്നെ ദുരന്തം സംഭവിക്കുമെന്നല്ല, മറിച്ച് കാര്‍ബണ്‍ ചക്രം അസ്ഥിരമായ ഒരു മണ്ഡലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അപ്രതീക്ഷമായായിരിക്കും അനന്തരഫലം. ഭൂവിഞ്ജാന ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് അത്തരം സംഭവങ്ങള്‍ കൊണ്ട് ചെന്നെത്തിക്കുന്നത് വന്വിപത്തുകളിലേക്കാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയന്‍സ് അഡ്വാന്‍സസ് എന്ന പ്രസിദ്ധീകരണമാണ് പഠനം പുറത്തുവിട്ടത്.