പത്തുവയസുകാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ഇളയമ്മാവന്‍

0
86

ചണ്ഡിഗഢ്: ഹരിയാനയില്‍ പത്തുവയസുകാരി പ്രസവിച്ച സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് പെണ്‍കുട്ടിയുടെ ഇളയമ്മാവനെന്ന് കണ്ടെത്തി. ഡിഎന്‍എ പരിശോധന ഫലം പുറത്തുന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. മൂത്ത അമ്മാവനാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇയാളെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഡിഎന്‍എ പരിശോധനയില്‍ ഇയാളല്ല കുഞ്ഞിന്റെ പിതാവെന്ന് തെളിഞ്ഞതോടെ രണ്ടാമത്തെ അമ്മാവനെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഇതില്‍ നിന്നുമാണ് ഇളയ അമ്മാവനാണ് കുഞ്ഞിന്റെ പിതാവെന്ന് വ്യക്തമായത്.

ഡിഎന്‍എ പരിശോധനയ്ക്കായി പെണ്‍കുട്ടിയുടെ അമ്മാവന്മാരുടെ രക്തസാമ്പിളുകള്‍ക്കൊപ്പം സമീപവാസികളുടെ സാമ്പിളും പൊലീസ് അയച്ചിരുന്നു. അമ്മാവന്മാരെ കൂടാതെ മറ്റുള്ളവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇവരെ അറസ്റ്റു ചെയ്തു.

ചണ്ഡിഗഢിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജില്‍ ആഗസ്റ്റിലായിരുന്നു പത്തുവയസുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരാണ് പെണ്‍കുട്ടിയുടെ ചികിത്സയ്ക്കും പ്രസവത്തിനും നേതൃത്വം നല്‍കിയത്. വയറ്റില്‍ മുഴയെന്നു പറഞ്ഞായിരുന്നു പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായി.