അന്വേഷണത്തെ ഭയക്കുന്നില്ല, തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ട്: ഉമ്മന്‍ചാണ്ടി

0
64

നൂറിരട്ടി ശക്തിയോടെ തിരിച്ചെത്തുമെന്നും ഉമ്മന്‍ചാണ്ടി

 

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ വിജിലന്‍സ് അന്വേഷണത്തെ ഭയക്കുന്നില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വേങ്ങരയില്‍ കഴിഞ്ഞ ഞായറാഴ്ച ടി.കെ.ഹംസ സോളാര്‍ കേസില്‍ അന്വേഷണം ഉണ്ടാവുമെന്ന് ആധികാരികമായി സൂചിപ്പിച്ചിരുന്നു. സോളാര്‍ കമ്മീഷന്റെ കണ്ടെത്തല്‍ ഉമ്മന്‍ചാണ്ടിക്ക് എതിരെയാണെന്നും ആറുപേര്‍ക്കെതിരെ അന്വേഷണം ഉണ്ടാകുമെന്നും ഹംസ പറഞ്ഞിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കോ, മാധ്യമങ്ങള്‍ക്കോ ലഭിക്കുന്നതിന് മുമ്പ് ഹംസ ഇതെങ്ങനെ അറിഞ്ഞെന്നും ഹംസയോട് ഇതാരാണ് പറഞ്ഞതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സോളാര്‍ കേസ് കലുഷിതമായ കാലത്ത് എല്‍.ഡി.എഫ് ഉന്നയിക്കാത്ത ആക്ഷേപങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 50 മണിക്കൂറിലധികം താന്‍ മൊഴി നല്‍കിയിട്ടുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞു. കമ്മിഷന്‍ നിഗമനം പൂര്‍ണമായും പുറത്തു വരണം. എന്തും ചെയ്യാന്‍ അധികാരമുള്ള സര്‍ക്കാര്‍, റിപ്പോര്‍ട്ട് ആദ്യം പുറത്തുവിടട്ടെ. അതില്‍ ശുപാര്‍ശയുണ്ടെന്ന് പുറത്തുവരട്ടെ എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രസിദ്ധീകരിക്കാത്ത ഒരു റിപ്പോര്‍ട്ടിന്റെ പുറത്ത് മുഖ്യമന്ത്രി അനാവശ്യ ധൃതി കാണിക്കുകയാണെന്നും അന്വേഷണത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. നിരപരാധിത്വം തെളിയിക്കാന്‍ തയ്യാറാണ്. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ തളര്‍ത്താമെന്ന് വിചാരിക്കുന്നെങ്കില്‍ അത് നടക്കില്ല. ഒരു സാക്ഷിയും എനിക്കെതിരെ മൊഴി കൊടുത്തിട്ടില്ല. സരിതയെഴുതിയ കൃത്രിമ കത്തിലാണ് തനിക്കെതിരെ പരാമര്‍ശമുള്ളത്. ഈ കത്തിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നൂറിരട്ടി ശക്തിയോടെ തിരിച്ചെത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.