‘ആധാര്‍’ ചാടിക്കടക്കാനാകാതെ വിദ്യാര്‍ഥികള്‍ ; പത്താംതരം പരീക്ഷയും അസാധ്യം

0
107

എം.മനോജ്‌കുമാര്‍

തിരുവനന്തപുരം: ആധാര്‍ കാര്‍ഡ് എന്ന വൈതരണിയില്‍ കുടുങ്ങി വിദ്യാര്‍ഥികളും രക്ഷിതാക്കളും വലയുന്നു. ആധാര്‍ കടമ്പ ചാടിക്കടക്കാനാകാതെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. കാരണം ഹൈസ്കൂള്‍ തലത്തിലെ വാര്‍ഷിക പരീക്ഷകള്‍ എഴുതണമെങ്കില്‍ ആധാര്‍ ഇല്ലാതെ കഴിയില്ലാ എന്ന അവസ്ഥയാണ്.

സ്റ്റേറ്റ് സിലബസ് അനുസരിച്ച് പഠിക്കുന്ന വിദ്യാര്‍ഥികളും സിബിഎസ്ഇ സിലബസ് പിന്തുടരുന്ന കുട്ടികളും സമാന അവസ്ഥയിലാണ്. പെട്ടെന്ന് ആധാര്‍ എടുക്കാന്‍ തീരുമാനിക്കുമ്പോള്‍ അക്ഷയ കേന്ദ്രങ്ങള്‍ ഇവര്‍ക്ക് തീയതി നല്കില്ലാ എന്നതാണ് രക്ഷിതാക്കളെ വലയ്ക്കുന്നത്.

കാരണം രജിസ്റ്റര്‍ ചെയ്താല്‍ മാസങ്ങള്‍ കഴിഞ്ഞുമാത്രമേ ആധാര്‍ എന്‍റോള്‍മെന്റിനു അക്ഷയ കേന്ദ്രങ്ങള്‍ തീയതി നല്‍കൂ. കാരണം നിലവില്‍ അത്രയധികം ആളുകള്‍ ആധാര്‍ കാര്‍ഡ് എന്‍റോള്‍മെന്റിന് കാത്തിരിക്കുന്നുണ്ട്.

പരീക്ഷയക്ക് തൊട്ടു മുന്‍പേ പോയാല്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് ആധാര്‍ ലഭിക്കില്ല. ആധാര്‍ ഇത്ര വലിയ കുരിശാകും എന്നറിയാത്ത രക്ഷിതാക്കളും വിദ്യാര്‍ഥികളും പെട്ടിരിക്കുകയാണ്.

കാര്യങ്ങള്‍ ഇങ്ങിനെയാണ് എന്നറിയുന്നതുകൊണ്ടാണ് സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളെ വിളിച്ചു വരുത്തി വിരട്ടുന്നത്. ഹൈസ്കൂള്‍ ക്ലാസുകളിലെ പെണ്‍കുട്ടികള്‍ വലിയ മാനസിക സമ്മര്‍ദ്ദമാണ് നിലവില്‍ ആധാര്‍ പ്രശ്നത്തിന്റെ പേരില്‍ അനുഭവിക്കുന്നത്.

വിദ്യാര്‍ഥിനികളെ വിളിച്ചു വരുത്തി മിക്ക സ്കൂള്‍ അധികൃതരും ആധാര്‍ ഇല്ലാതെ പരീക്ഷ എഴുതാന്‍ കഴിയില്ലാ എന്ന മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞിടുണ്ട്. ഇതോടെ ആധാര്‍ ഇല്ലാത്ത കുട്ടികള്‍ ഇത്തവണ പത്താം തരം പരീക്ഷ എഴുതില്ലാ എന്ന് ഉറപ്പായിക്കഴിഞ്ഞു.

നഗരത്തിലെ ഒരു പ്രമുഖ സ്കൂളില്‍ 24 കേരള ബന്ധപ്പെട്ടപ്പോള്‍ സ്കൂള്‍ അധികൃതര്‍ പറഞ്ഞത് തങ്ങള്‍ക്ക് ഈ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ്. സംസ്ഥാനത്തിന്റെ ‘സമ്പൂര്‍ണ്ണ’ വെബ്സൈറ്റ് ഉണ്ട്.

കേന്ദ്രത്തിന്റെ വേറെ വെബ്സൈറ്റും ഉണ്ട്. ഈ രണ്ടു സൈറ്റിലും കുട്ടികളുടെ വിശദാംശങ്ങള്‍ കുറിക്കണം. അതിനു ആധാര്‍ ഇല്ലാതെ കഴിയില്ല. എല്ലാ കുട്ടികളുടെയും വിശദാംശങ്ങള്‍ സമ്പൂര്‍ണ്ണയിലും, വേണം കേന്ദ്ര വെബ്സൈറ്റിലും വേണം.

ഒരു കുട്ടിയുടെ പോലും ആധാര്‍ നമ്പര്‍ എഴുതാതെ വിശദാംശങ്ങള്‍ അപ്ഡേറ്റ് ആകില്ല. ഒരു കുട്ടിയുടെ അപ്ഡേറ്റ്ആയാല്‍ മാത്രമേ അടുത്ത കുട്ടിയുടെ വിശദാംശങ്ങള്‍ സോഫ്റ്റ്‌വെയര്‍ സ്വീകരിക്കൂ. അതുകൊണ്ട് തന്നെ ആധാര്‍ ഇല്ലാതെ പരീക്ഷ എഴുതാന്‍ കഴിയില്ല.

ഇത് നിലവിലെ പ്രതിസന്ധിയാണ്. ഇത് തരണം ചെയ്യാന്‍ ആധാര്‍ ഇല്ലാതെ കഴിയില്ല. സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ പത്താം തരം വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ ഇല്ലാതെ പരീക്ഷ എഴുതാന്‍ കഴിയുകയേ ഇല്ല.

ആധാര്‍ പ്രശ്നം ഗുരുതരമായ പ്രതിസന്ധി കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തില്‍ ഉളവാക്കിയിരിക്കുന്നു. വിദ്യാര്‍ഥികളും രക്ഷിതാക്കളും  ഭീതിയിലാണ്. ആധാര്‍ പ്രശ്നം കേരളത്തിലെ വിദ്യാര്‍ഥിനികളെ ആത്മഹത്യയിലേക്ക് നയിക്കുമോ എന്നുകൂടിയേ അറിയാനുള്ളൂ. അത്രമാത്രം ഗുരുതരമായ സാമൂഹ്യപ്രശ്നമാണ് ആധാര്‍ പ്രശ്നം കേരളത്തില്‍ ഉയര്‍ത്തുന്നത്.