ഇംഗ്‌ളണ്ടും ഫ്രാന്‍സും പ്രീക്വാര്‍ട്ടറില്‍; മെക്‌സിക്കോയും ജപ്പാനും പുറത്ത്

0
56

ഇംഗ്‌ളണ്ടും ഫ്രാന്‍സും പ്രീക്വാര്‍ട്ടറില്‍; മെക്‌സിക്കോയും ജപ്പാനും പുറത്ത്
കൊല്‍ക്കത്ത: തുടര്‍ച്ചയായ രണ്ട് വിജയങ്ങളോടെ ഇംഗ്ലണ്ടും ഫ്രാന്‍സും അണ്ടര്‍-17 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കടന്നു. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ മെക്സിക്കോയുടെ വെല്ലുവിളി 3-2ന് ഇംഗ്ലണ്ട് മറികടന്നപ്പോള്‍ ജപ്പാനെ ഫ്രാന്‍സ് ഒന്നിനെതിരെ രണ്ട് ഗോളിനാണ് പരാജയപ്പെടുത്തിയത്.

39ാം മിനിറ്റില്‍ ബ്ര്യൂസ്റ്റര്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. പിന്നീട് 48-ാം മിനിറ്റില്‍ ഫോഡെനും 55-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സാഞ്ചോയും ഇംഗ്ലണ്ടിന്റ ലീഡുയര്‍ത്തി. പിന്നീട് മെക്സിക്കോ തിരിച്ചുവരവിന് ശ്രമിച്ചു. 65-ാം മിനിറ്റിലും 72-ാം മിനിറ്റിലും ഗോള്‍ നേടി ലെയ്നെസ് ലക്ഷ്യം കണ്ടെങ്കിലും മെക്സിക്കോയ്ക്ക് വിജയിക്കാന്‍ അത് മതിയാകുമായിരുന്നില്ല.

ആദ്യ മത്സരത്തില്‍ 7-1ന് ഗോള്‍മഴ പെയ്യിച്ച ജപ്പാന് പക്ഷേ ഫ്രാന്‍സിന് മുന്നില്‍ അടിതെറ്റി. 13-ാം മിനിറ്റില്‍ ഗൗരിയിലൂടെ ഫ്രഞ്ച് പട ലീഡ് നേടി. പിന്നീട് 71-ാം മിനിറ്റില്‍ ഗൗരി വീണ്ടും ലക്ഷ്യം കണ്ടു. രണ്ട് മിനിറ്റിന് ശേഷം ജപ്പാന്‍ പെനാല്‍റ്റിയിലൂടെ തിരിച്ചടിച്ചു. മിയാഷിറോയായിരുന്നു ഗോള്‍സ്‌കോറര്‍. സമനില ഗോളിനായി ജപ്പാന്‍ പിന്നീട് ശ്രമിച്ചെങ്കിലും ലക്ഷ്യം നേടാനായില്ല.