ഇതര സംസ്ഥാനക്കാര്‍ക്കിടയിലെ വ്യാജപ്രചരണം: ഒരാള്‍ പിടിയില്‍

0
89


കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ ഒരാള്‍ കൊച്ചിയില്‍ പിടിയിലായി. കൊല്‍ക്കത്തക്കാരനായ സുബൈറാണ് പോലീസ് പിടിയിലായത്. ബംഗാളിയായ ഹോട്ടല്‍ തൊഴിലാളിയെ കൊലപ്പെടുത്തുന്നത് കണ്ടതായി ഹോട്ടലുകള്‍തോറും കയറിയിറങ്ങി പറഞ്ഞു നടക്കുകയായിരുന്നു ഇയാള്‍.

കലൂര്‍ സ്റ്റേഡിയത്തിനു സമീപത്തായി മലയാളികള്‍ ചേര്‍ന്ന് ഒരു ബംഗാളിയെ തല്ലിക്കൊല്ലുന്നത് താന്‍ നേരില്‍ കണ്ടെന്നും ജീവന്‍ വേണമെങ്കില്‍ രാത്രി ട്രെയിനില്‍ നാട്ടിലേക്ക് പോകാനും പറഞ്ഞാണ് സുബൈര്‍ കഴിഞ്ഞ ദിവസം എറണാകുളം നഗരത്തിലെ ഹോട്ടലുകള്‍ കയറിയിറങ്ങിയത്. സംശയം തോന്നിയ ഒരു ഹോട്ടല്‍ നടത്തിപ്പുകാരന്‍ ഇയാളെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു. അപ്പോള്‍ തന്റെ ഈ പ്രവൃത്തി വെറും തമാശയാണെന്നായിരുന്നു ഇയാളുടെ നിലപാട്.

ഹോട്ടലുകാര്‍ പോലീസില്‍ ഏല്‍പ്പിച്ച ഇയാളെ കുറ്റകരമായൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന നിലപാടില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് വിട്ടയക്കുകയായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഹോട്ടലുകളില്‍ ജോലിയെടുക്കുന്ന 40 ശതമാനത്തോളം ഇതര സംസ്ഥാനക്കാര്‍ വ്യാജപ്രചരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയതായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു. വ്യാജപ്രചരണത്തിന് ഉപയോഗിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്തണമെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം, കേരളത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ആക്രമണത്തിന് ഇരയാകുന്നതായി വ്യാജപ്രചരണത്തിന് വിശദീകരണവുമായി പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്നലെ രംഗത്തെത്തിയിരുന്നു. തെറ്റായ പ്രചരണങ്ങളില്‍ ആരും കുടുങ്ങരുതെന്നും കേരളം എല്ലാവര്‍ക്കും സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുള്ള ആക്രമണവും ഉണ്ടാകില്ലെന്നും അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉടന്‍ തന്നെ പോലീസുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു. ഹിന്ദിയിലും ബംഗാളിയിലുമാണ് ഡിജിപി സന്ദേശം നല്‍കിയത്. വ്യാജ പ്രചരണത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.