ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കു നടപ്പു സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ചതില്‍ നിന്നു 0.5% കുറയുമെന്നു രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). ഈ വര്‍ഷം 6.7% വളര്‍ച്ചയാണു പ്രതീക്ഷ. കറന്‍സി റദ്ദാക്കിയതും ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതുമാണു കാരണമായി ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ 7.2% വളര്‍ച്ചനിരക്കു നേടുമെന്നായിരുന്നു മുന്‍വിലയിരുത്തല്‍.
അതേസമയം, ചൈനയുടെ സാമ്പത്തിക വളര്‍ച്ചനിരക്കു 0.1% വര്‍ധിച്ച് 6.8 ശതമാനത്തിലെത്തുമെന്നും എഎംഎഫ് പ്രവചിക്കുന്നു. ഇതോടെ വളര്‍ച്ചനിരക്കില്‍ ചൈന ഇന്ത്യയെ മറികടക്കും. 2018ല്‍ ഇന്ത്യയുടെ വളര്‍ച്ചനിരക്ക് 7.4 ശതമാനമാകും. മുന്‍ വിലയിരുത്തലുകളെക്കാള്‍ 0.3% കുറവാണിത്. 2018 ആകുമ്പോഴേക്കും ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ എന്ന നില ഇന്ത്യ വീണ്ടെടുക്കും. അന്നു ചൈനയുടെ വളര്‍ച്ച 6.5% ആയിരിക്കുമെന്നും ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ലുക് റിപ്പോര്‍ട്ടില്‍ പറയുന്നു.