വാഷിങ്ടണ്‍ : ഉത്തരകൊറിയയുടെ അതിര്‍ത്തിക്കുസമീപം ബോംബര്‍ വിമാനങ്ങള്‍ പറത്തി യുഎസ്. യുഎസ് വ്യോമസേനയുടെ ബി-1ബി പോര്‍വിമാനങ്ങളാണു ഉത്തര കൊറിയയെ ഭയപ്പെടുത്താനായി യുഎസ് ഉപയോഗിച്ചത്. ദക്ഷിണ കൊറിയ, ജപ്പാന് എന്നിവരുമായി ചേര്‍ന്നായിരുന്നു യുഎസിന്റെ സൈനിക പ്രകടനം.
ഇതാദ്യമായാണ് യുഎസ് ബോംബര്‍ വിമാനങ്ങള്‍ ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും ഫൈറ്റര്‍ വിമാനങ്ങളുമായി ചേര്‍ന്നു സൈനിക പരിശീലനം നടത്തുന്നത്. ദക്ഷിണ കൊറിയയുടെ എഫ്-15കെ ഫൈറ്ററുകള്‍ പരിശീലനപ്പറക്കലില്‍ പങ്കെടുത്തതായി അവരുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. ദക്ഷിണ കൊറിയയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച യുഎസ് പോര്‍വിമാനങ്ങള്‍, കിഴക്കന്‍ തീരത്ത് എയര്‍ ടു ഗ്രൗണ്ട് മിസൈലുകള്‍ തൊടുത്ത് പരിശീലനവും നടത്തി. ജപ്പാനും ദക്ഷിണ കൊറിയയുമായി കൈകോര്‍ത്ത് ഇത്തരത്തിലുള്ള ആദ്യ സൈനിക പരിശീലനമാണു നടന്നതെന്നു യുഎസ് സേന പുറത്തിറക്കിയ പ്രസ്താനവനയില്‍ ചൂണ്ടിക്കാട്ടി.
ഉത്തരകൊറിയക്കുള്ള മുന്നറിയിപ്പായി യുഎസിന്റെ ഈ പോര്‍വിമാനങ്ങള്‍ ഗുവാം ദ്വീപിലെ ആന്ഡേഴ്സണ് വ്യോമസേനാ താവളത്തില്‍നിന്നാണു പറന്നുയര്‍ന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം ഗുവാമിനെ മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കുമെന്ന് ഉത്തരകൊറിയ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് യുഎസിന്റെ സൈനിക നടപടി.
നേരത്തെ യുഎസിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ട് ആണവ പോര്‍മുനയുള്ള മിസൈല്‍ പരീക്ഷിക്കുമെന്ന് ഉത്തര കൊറിയ സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുഎസ് ബോംബറുകള്‍ ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍ എത്തിയിരിക്കുന്നത്.
ഇതിനിടെ പ്രകോപനങ്ങള്‍ തുടരുന്ന ഉത്തര കൊറിയയ്ക്കെതിരെ സൈനിക നടപടിയെടുത്തേക്കുമെന്നു കഴിഞ്ഞദിവസം യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഭരണകൂടവും പ്രസിഡന്റുമാരും 25 വര്‍ഷമായി ഉത്തരകൊറിയയോട് ചര്‍ച്ച നടത്തുന്നു. പലതവണ കരാറുകള്‍ ഒപ്പുവച്ചു. ധാരാളം പണം നല്കി. അതൊന്നും നടപ്പായിട്ടില്ല. കരാറുകള്‍ മഷിയുണങ്ങുന്നതിനു മുന്‍പ് ലംഘിക്കപ്പെട്ടു. യുഎസിന്റെ മധ്യസ്ഥന്മാരെ വിഡ്ഢികളാക്കുകയായിരുന്നു അവരെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം ട്രംപിന്റെ വാക്കുകള്‍ സൈനിക നടപടിയുടെ സൂചനയായാണു നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തിയത്. ഉത്തര കൊറിയയുടെ മിസൈലുകള്‍ തടയുന്നതിനോ ആണവ പരീക്ഷണങ്ങള്‍ തടയുന്നതിനോ യുഎസ് ഇതുവരെ കര്‍ശന നടപടികള്‍ എടുത്തിട്ടില്ല. എന്നാല്‍ കൊറിയയെ ഉന്മൂലനം ചെയ്യുമെന്നു ട്രംപ് യുഎന്‍ പൊതുസഭയിലെ തന്റെ ആദ്യ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇറാന്, ഉത്തര കൊറിയ, ഇസ്ലാമിക് സ്റ്റേറ്റ് വിഷയങ്ങളില്‍ പ്രതികരിക്കവേ ചുഴലിക്കാറ്റിനു മുന്‍പേയുള്ള ശാന്തതയാണു യുഎസിന്റേതെന്നും ട്രംപ് അന്ന് പറഞ്ഞു.