തിരുവനന്തപുരം: തനിക്കെതിരായ കേസ് എന്താണെന്ന് അറിയില്ലെന്നും ഉള്‍ഭയമില്ലാതെ എല്ലാറ്റിനെയും നേരിടുമെന്നും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. നിയമപരമായി ഒരു കാര്യം നടക്കുന്നതില്‍ പേടിയില്ല. സംസ്ഥാന സര്‍ക്കാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വിടാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഇത്രയും നാള് റിപ്പോര്‍ട്ട് കൈയില്‍ വെച്ചുകൊണ്ടിരിക്കുകയായിരുന്നു. വേങ്ങരയില്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ വരി നില്ക്കുമ്പോള് റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ കേസെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ഉള്‍പ്പെട്ട പ്രതികളും അതിന് പിന്നില്‍ പ്രവര്ത്തിച്ചവരുമാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. തനിക്കെതിരെ പ്രതികാരം ചെയ്യുമെന്ന് അന്നുതന്നെ ടി.പി കേസില്‍ ഉള്‍പ്പെട്ടവര്‍ പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഞാന്‍ ചെയ്തതായി പറയപ്പെടുന്ന കുറ്റം അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥരെല്ലാം കമ്മീഷന് മുന്നില്‍ പോയിട്ടുണ്ട്. ഒരാള്‍ പോലും ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല. കൂടാതെ അന്വേഷണം ഉദ്യോഗസ്ഥര്‍ എടുത്ത കേസില്‍ നടപടി സ്വീകരിച്ചത് താന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.