കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ചികിത്സയും പരിചരണവും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ തയാറാക്കിയ സ്പെഷല്‍ പാക്കേജ് ഘട്ടംഘട്ടമായി ഇല്ലാതാക്കുന്നു. പാക്കേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ആരോഗ്യ മിഷന് നിയോഗിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ഭാഗമായി കൂട്ടത്തോടെ ഒഴിവാക്കുകയാണ്
കരാര്‍ വ്യവസ്ഥയില്‍ നിയമിച്ച 26 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരില്‍ 13 പേരെയാണ് നീക്കം ചെയ്തത്. ശേഷിച്ച 13പേര് പിരിച്ചുവിടല്‍ നടപടിക്കെതിരെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചതിനെ തുടര്‍ന്ന് സേവന കാലാവധി താല്‍ക്കാലികമായി നീട്ടിക്കൊടുത്തിരിക്കുകയാണ്.
പാക്കേജില്‍ നിയമിച്ച രണ്ട് സ്റ്റാഫ് നഴ്സുമാരില്‍ ഒരാളെയും ഒഴിവാക്കി. ദുരിതബാധിതരെ അതത് മേഖലകളില്ചെന്ന് ചികിത്സിക്കുന്നതിനും പരിചരണം നല്കുന്നതിനുമായി നിയോഗിച്ച മൊബൈല്‍ മെഡിക്കല്‍ ടീമിനെയും ഒരുവര്‍ഷം മുന്‍പ് പിരിച്ചുവിട്ടിരുന്നു. കീടനാശിനി പ്രയോഗം കാരണം പലവിധ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അനുയോജ്യമായ ചികിത്സ ലഭ്യമാക്കാന്‍ അലോപ്പതി, ആയുര്‍വേദ, ഹോമിയോ മേഖലകളിലെ മൂന്ന് ഡോക്ടര്‍മാര്‍, ഫിസിയോതെറപ്പിസ്റ്റ്, സ്പീച് തെറപ്പിസ്റ്റ് എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു പ്രേത്യക വാഹന സൗകര്യത്തോടെ ഏര്‍പ്പെടുത്തിയ സഞ്ചരിക്കുന്ന മെഡിക്കല്‍ ടീം.
എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന ജില്ലയിലെ 11 പഞ്ചായത്തുകളാണ് സ്പെഷല്‍ പാക്കേജിന്റെ പരിധിയിലുള്ളത്. 2010 ഡിസംബറില്‍ ആരംഭിച്ച പാക്കേജിന്റെ ഭാഗമായി ദുരിതബാധിതരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരശേഖരണം, രോഗികളുടെ വീടുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ സഹായങ്ങള്‍ നല്കല് എന്നീ ചുമതലകള്‍ക്കായാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ നിയമിച്ചത്. ഇതോടൊപ്പം ആനുപാതികമായി നിയമിച്ച ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരെ നേരത്തേതന്നെ പിന്‍വലിച്ചിരുന്നു. ഇവരെ ഇപ്പോള്‍ സ്കൂള്‍ ഹെല്‍ത്ത് നഴ്സുമാരായി നിയമിച്ചിരിക്കുകയാണ്.