കൊട്ടാരക്കര: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൂട്ടത്തോടെ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രതികാരമാണെന്ന് എം.എം.ഹസന്. സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിന്റെ മറവിലാണ് കേസെടുക്കല്‍. ഇപ്പോള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അന്വേഷണ കാലയളവിലോ എല്‍.ഡി.എഫിന്റെ സമരകാലത്തോ കേട്ടിട്ടില്ലാത്തതാണ്. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടില്‍ ഇത്തരം ആരോപണങ്ങളുണ്ടെന്നു വിശ്വസിക്കുന്നില്ല.
ആരോപണങ്ങളുണ്ടെങ്കില്‍ അതിനു തെളിവു ഹാജരാക്കണം. കമ്മീഷന് റിപ്പോര്‍ട്ടില്‍ ഇത്തരം ആരോപണങ്ങളുണ്ടെങ്കില്‍ അതു സര്‍ക്കാരിനെ പ്രീതിപ്പെടുത്താന്‍ വേണ്ടി കമ്മീഷന് എഴുതിച്ചേര്ത്തതാകണം. കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരസ്യപ്പെടുത്തണം. സംസ്ഥാനത്ത് നിരവധി അന്വേഷണ കമ്മീഷനുകള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് സംഭവത്തിലൊഴികെ ഒന്നിലും കേസെടുത്തിട്ടില്ല. വേങ്ങര തിരഞ്ഞെടുപ്പ് ദിനത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത് യു.ഡി.എഫിന്റെ ഭൂരിപക്ഷം വര്‍ധിക്കാനേ സഹായിക്കൂ.
കോണ്‍ഗ്രസ് നോതാക്കള്ക്കെതിരെയുള്ള ഇത്തരം കേസുകള്‍ ജനങ്ങളുടെ മുന്നില്‍ മുഖം നഷ്ടപ്പെട്ട ഇടതു സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ നടത്തുന്ന പാഴ്വേലയാണ്. ഇത് തരംതാണ രാഷ്ട്രീയമാണ്. ആരോപണങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. സര്‍ക്കാരിന്റെ ഭരണപരാജയത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിത്. കോണ്‍ഗ്രസ് നേതാക്കളെ തേജോവധം ചെയ്യാനുള്ള ശ്രമത്തിന് സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരും. കേസുകളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എം.എം.ഹസന് പറഞ്ഞു.