ചെന്നൈ: എടിഎം കാര്‍ഡ് ബ്ലോക്ക് ആയതിനെ തുടര്‍ന്ന് പണത്തിനു വേണ്ടി തമിഴ്നാട്ടിലെ ക്ഷേത്രത്തിനു മുന്നില്‍ ഭിക്ഷ യാചിച്ച് റഷ്യയില്‍ നിന്നുള്ള വിനോദസഞ്ചാരി. ഇവാഞ്ചലിന് എന്ന റഷ്യന്‍ യുവാവാണ് ശ്രീ കുമാരകോട്ടം ക്ഷേത്ര നടയില്‍ ഭിക്ഷയിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവാഞ്ചലിന് സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രംഗത്തെത്തി.
ചൊവ്വാഴ്ചയാണ് ഇവാഞ്ചലിന് ക്ഷേത്രനടയില്‍ ഭിക്ഷ യാചിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പണം ആവശ്യപ്പെടുന്ന ഇവാഞ്ചലിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
സെപ്തംബര്‍ 24ന് ചെന്നൈയിലെത്തിയ ഇവാഞ്ചലിന് ഇന്ത്യയുടെ പല ഭാഗങ്ങളിലും യാത്ര ചെയ്തു. ചൊവ്വാഴ്ച ചെന്നൈയില്‍ നിന്നും ഇയാള്‍ കാഞ്ചീപുരത്തെത്തി. പണം പിന്‍വലിക്കാനായി കാഞ്ചീപുരത്തെ എടിഎം കൗണ്ടറിലെത്തിയെങ്കിലും പിന് നമ്പര്‍ ലോക്ക് ആയതിനെ തുടര്‍ന്ന് പണമെടുക്കാനായില്ല. തുടര്‍ന്നാണ് ഇവാഞ്ചലിന് ക്ഷേത്രനടയില്‍ ഭിക്ഷയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
Evangelin – Your country Russia is our time tested friend. My officials in Chennai will provide you all help. https://t.co/6bPv7MFomI
— Sushma Swaraj (@SushmaSwaraj) October 10, 2017
ഇവാഞ്ചലിനെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവാഞ്ചലിന് സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ രംഗത്തെത്തി. റഷ്യ എക്കാലവും ഞങ്ങളുടെ സുഹൃത്താണെന്നും ചെന്നൈയിലുള്ള ഉദ്യോഗസ്ഥര്‍ നിങ്ങളെ സഹായിക്കുമെന്നും സുഷമ അറിയിച്ചു.
മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇവാഞ്ചലിനെ ശിവകാഞ്ചി പൊലീസ് ചെന്നൈയിലേക്കയച്ചു. ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലെത്തി എംബസിയെ ബന്ധപ്പെടാനും പൊലീസ് നിര്‍ദ്ദേശം നല്കി. ഇവാഞ്ചലിന്റെ യാത്ര രേഖകളെല്ലാം പരിശോധിച്ചെന്നും പൊലീസ് വ്യക്തമാക്കി.