ജീവിതം പഠിപ്പിച്ചത് മൃതദേഹങ്ങള്‍

0
78


തനിക്ക് എന്നും കൂട്ടായിരുന്നത് മൃതദേഹങ്ങളായിരുന്നു. തന്റെ സന്തോഷവും സങ്കടവും പങ്കുവെച്ചതും ജീവനില്ലാത്ത ശരീരങ്ങളോടായിരുന്നു. നാല്‍പതു വര്‍ഷക്കാലം മൃതദേഹങ്ങളെ തന്റെ ജീവിതത്തോടു ചേര്‍ത്തുനിര്‍ത്തി ബനാറസ് ശ്യാംലാല്‍ ചൗട്ടാന്‍ എന്ന 64 കാരന്‍. താനെക്കാരനായിരുന്നു ശ്യാംലാല്‍.

താനെ സിവില്‍ ആശുപത്രിയില്‍ നിന്നും മൂന്നു വര്‍ഷത്തോളമായി വിരമിച്ചിട്ട്. എന്നാലും ആശുപത്രിയുടെ വിളിപ്പുറത്തുണ്ട് ഇന്നും ശ്യാംലാല്‍. 40,000 മൃതദേഹങ്ങളാണ് നാല്‍പത് വര്‍ഷത്തെ സേവനത്തിനിടെ ചൗട്ടാല്‍ കീറിമുറിച്ചത്.

2014-ല്‍ ജോലിയില്‍ നിന്ന് വിരമിച്ച ചൗട്ടാലിന് പ്രശസ്ത സേവനം പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം അനുമോദനം ഏര്‍പ്പെടുത്തി. ചടങ്ങില്‍ അദ്ദേഹം പറഞ്ഞത് ‘മൃതദേഹത്തോടൊപ്പമുള്ള സഹവാസം, അതായിരുന്നു തന്നെ ജീവിതം പഠിപ്പിച്ചതും’ എന്നായിരുന്നു.

ചതഞ്ഞരഞ്ഞതും വെട്ടിമുറിച്ചതും അഴുകിയതുമായ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം മേശയിലേക്കെത്തിക്കുമ്പോള്‍ ഡോക്ടര്‍ പോലും മുഖം ചുളിക്കും, കണ്ണൊന്നു ചിമ്മും. എന്നാല്‍ യാതൊരു ഭാവവ്യത്യാസവും കൂടാതെ ചൗട്ടാല്‍ തന്റെ ജോലി തുടരും.

സാധാരണ മോര്‍ച്ചറി ജീവനക്കാര്‍ മൃതദേഹങ്ങള്‍ കീറിമുറിക്കുമ്പോള്‍ ഒരു ധൈര്യത്തിനായി മദ്യപിക്കുമായിരുന്നു. അതിനുപോലും ചൗട്ടാല്‍ തയ്യാറാല്ലായിരുന്നു. അതുകൊണ്ടുതന്നെ ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ക്ക് ചൗട്ടാല എന്നും ഒരു അവിഭാജ്യ ഘടകമായിരുന്നു.

1973-ല്‍ ആണ് ചൗട്ടാല്‍ താനെ സിവില്‍ ആശുപത്രിയില്‍ ഉത്തര്‍പ്രദേശില്‍ നിന്നും ജോലിക്ക് കയറിയത്. 175 രൂപയായിരുന്നു അന്ന് ശമ്പളം. തുടര്‍ന്ന് രണ്ടു വര്‍ഷത്തിനുശേഷം മോര്‍ച്ചറിയിലേക്ക് മാറുകയായിരുന്നു. ഇതേ ആശുപത്രിയിലായിരുന്നു ചൗട്ടാലയുടെ ഭാര്യയും ജോലി ചെയ്തിരുന്നത്.

മോര്‍ച്ചറി ജോലി തനിക്ക് വെറും ഒരു ജോലിമാത്രമായിരുന്നില്ല. തന്റെ ജീവിതവും ഭക്ഷണവും എല്ലാം ഇതുതന്നെയായിരുന്നു. മൃതദേഹങ്ങള്‍ കൂട്ടത്തോടെ കൊണ്ടിട്ടാലും ചൗട്ടാലിന് ഒരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. 2006-ല്‍ മുപ്പത് പേരുടെ ജീവന്‍ കവര്‍ന്ന ബസ് അപകടം, 14 പേരെ കൊന്ന് സ്വയം ജീവനൊടുക്കിയ ഗൃഹനാഥന്‍ ഇങ്ങനെപോകുന്നു ചൗട്ടാലയുടെ മോര്‍ച്ചറിയനുഭവങ്ങള്‍.

നാല്‍പതു വര്‍ഷത്തോളം സേവനം അനുഷ്ഠിച്ച ചൗട്ടാല്‍ 2014 ല്‍ ജോലിയില്‍ നിന്നും വിരമിച്ചു.

എങ്കിലും ഇന്നും ഒരു വിളിപ്പുറത്തകലെ ചൗട്ടാന്‍ കാത്തിരിക്കുന്നു മോര്‍ച്ചറിയിലെ മൃതദേഹങ്ങള്‍ക്കൊപ്പമുള്ള ജീവിതത്തിനായി…